NEWS

സര്‍ക്കാരിന് തിരിച്ചടിയായി പെരിയ ഇരട്ടക്കൊല കേസ്‌

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ടുളള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തളളിയതോടെ സര്‍ക്കാരിന് നേരിട്ടത് വന്‍ തിരിച്ചടിയായിരുന്നു.

സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. എന്നാല്‍ പോലീസിന്റെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഇതുവരെ അംഗീകരിച്ചിട്ടില്ല. അതേസമയം, വാദം പൂര്‍ത്തിയായി 9 മാസത്തിന് ശേഷമാണ് കേസില്‍ ഹൈക്കോടതി വിധി പറഞ്ഞത്.

സംഭവം നടന്ന് ഒമ്പത് മാസം പിന്നിട്ടിട്ടും വിധി പറയാത്ത ഹൈക്കോടതി നടപടി സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചു കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കേസ് മറ്റൊരു ബെഞ്ചിന് വിടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ തിങ്കളാഴ്ച പുതിയ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ വിധി.

കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനാറിനാണ് പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടതിന് എതിരായ സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയായത്. പക്ഷേ വാദം പൂര്‍ത്തിയായി ഒമ്പത് മാസം കഴിഞ്ഞെങ്കിലും ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് സി.ടി.രവികുമാറും അടങ്ങിയ ഡിവിഷന്‍ ബഞ്ച് കേസില്‍ വിധി പറഞ്ഞിരുന്നില്ല.

സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് പെരിയ ഇരട്ടക്കൊലപാതക കേസ് ഹൈക്കോടതിക്ക് വിട്ടത്. അന്വേഷണ സംഘത്തെ നിശിതമായി വിമര്‍ശിച്ച കോടതി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ഒക്ടോബര്‍ 28നാണ് ഈ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. പിന്നീട് ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതി അഭിഭാഷകരെയും സര്‍ക്കാര്‍ രംഗത്തിറക്കിയിരുന്നു.

അതേസമയം, ഹൈക്കോടതിയുടെ ഈ വിധിക്ക് മറുപടിയെന്നോണം സുപ്രീംകോടതി കയറാനാണ് സര്‍ക്കാരിന്റെ തീരുമാനം എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സര്‍ക്കാര്‍ ഖജനാവ് കാലിയാണെങ്കിലും സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ഏതറ്റം വരെയും പോകാനാണ് സര്‍ക്കാര്‍ നീക്കം. നിയമസഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ ശേഷിക്കെ ഈ സിബിഐ അന്വേഷണം സര്‍ക്കാരിന് തലവേദനയാവുമോ എന്നൊരു പേടി കൂടി നിലനിക്കുന്നുണ്ട്.

സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷന്‍ ബെഞ്ചിലെ ഹര്‍ജിക്കും സര്‍ക്കാര്‍ ചെലവിട്ടത് ലക്ഷങ്ങളാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസ്റ്റര്‍ ജനറലായിരുന്ന രഞ്ജിത് കുമാര്‍ ഒരു ദിവസവും അഡീഷനല്‍ സോളിസ്റ്റര്‍ ജനറലായിരുന്ന മനീന്ദര്‍ സിങ് 4 ദവസവുമാണ് സര്‍ക്കാരിന് വേണ്ടി അപ്പീല്‍ വാദിക്കാനെത്തിയത്. ഈ 5 ദിവസത്തേക്കുളള ചെലവ് 86 ലക്ഷം രൂപയാണ്. എന്നാല്‍ ഈ ചെലവുകളും സര്‍ക്കാരിനെ തുണച്ചില്ല. അതിനാലാവും സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

അതേസമയം, കേസിന്റെ വിധി സ്വാഗതാര്‍ഹമെന്നായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. രണ്ടു ചെറുപ്പക്കാരെ നിഷ്ഠൂരമായി കൊന്നശേഷം അവര്‍ക്ക് നീതി കിട്ടുന്നതു തടയാന്‍ ചെലവഴിച്ചത് ജനങ്ങളുടെ നികുതിപ്പണമാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. പ്രതികളെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും തിരിച്ചടിയുണ്ടായെന്നും പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നിട്ട് എന്ത് സംഭവിച്ചെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
ചോദിച്ചു. ഏതായാലും കോണ്‍ഗ്രസ് ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്.

2019 നവംബര്‍ 16ന് സര്‍ക്കാര്‍ അന്തിമ വാദം പൂര്‍ത്തിയായ കേസിലാണ് ഹൈക്കോടതി ഇന്നലെ വിധി പറഞ്ഞത്. വിശ്വാസം ആര്‍ജിക്കാന്‍ പര്യാപ്തമായ അന്വേഷണം ക്രൈംബ്രാഞ്ച് നടത്താത്തതിനാല്‍ സിബിഐ അന്വേഷണം ന്യായമാണെന്നും യുവാക്കള്‍ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ നീതി ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസിന്റെ സ്വഭാവം മാനിച്ച് കോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചു. ഇത് നിര്‍ണായകമാവുകയായിരുന്നു.

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്‌ലാലിന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഇരുവരും. രാത്രി 7.40-ഓടെ കല്യോട്ട് കൂരാങ്കര റോഡില്‍ അക്രമികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്‌ലാല്‍ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് ഒന്നാംപ്രതി. സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മണികണ്ഠനും ബാലകൃഷ്ണനുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചു. മറ്റുള്ളവര്‍ റിമാന്‍ഡിലാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker