TRENDING

കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ

ലോകത്ത് കോവിഡ് പിടിമുറുക്കുമ്പോള്‍ അവയെ പ്രതിരോധിക്കാനുളള വാക്‌സിന്‍ കണ്ടെത്തലിന്റെ പണിപ്പുരയിലാണ് ശാസ്ത്രലോകം. ഓരോ രാജ്യങ്ങളും തങ്ങളുടെ വാക്‌സിന്‍ ആദ്യമിറക്കാന്‍ മത്സരിക്കുന്നതിനിടെ ഇതാ വാക്‌സിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തേടിയിരിക്കുകയാണ് റഷ്യ.

ലോകത്തെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ ‘സ്പുട്‌നിക് 5’ ന്റെ നിര്‍മാണത്തിനാണ് ഇന്ത്യയുടെ പങ്കാളിത്തം അവര്‍ തേടിയത്.

Signature-ad

റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചീഫ് എക്‌സിക്യൂട്ടീവ് കിറില്‍ ദിമിത്രീവ് ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വാക്‌സിന്‍ നിര്‍മാണം വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണെന്നും സ്പുട്‌നിക് 5 വന്‍തോതില്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ദിമിത്രീവ് പറഞ്ഞു. വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ നിരവധി രാജ്യങ്ങള്‍ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്‌കോ ഗമാലിയ ഗവേഷണ സര്‍വകലാശാലയും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് ‘സ്പുട്‌നിക് 5’ വികസിപ്പിച്ചത്. റഷ്യയുടെ കോവിഡ് വാക്‌സിനില്‍ ഇന്ത്യയും താത്പര്യം പ്രകടിപ്പിച്ചിരുന്നു. റഷ്യക്ക് പുറമേ, യുഎഇയിലും സൗദി അറേബ്യയിലും ബ്രസീലിലും ഇന്ത്യയിലും വാക്‌സീന്‍ പരീക്ഷണം നടത്തുമെന്നും ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ദിമിത്രീവ് വ്യക്തമാക്കി.

വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി 20,000 ആളുകള്‍ നിലവിലുണ്ടെന്ന് മോസ്‌കോ ഗമാലിയ ഗവേഷണ സര്‍വകലാശാല ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു.

അതേസമയം, കാവിഡ് വാക്‌സിന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് റഷ്യ. 40,000 പേരിലാണ് റഷ്യ വികസിപ്പിച്ച വാക്‌സിന്‍ ഇനി പരീക്ഷിക്കുക. റഷ്യയിലെ ജനങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിനു മുന്നോടിയായാണു പരീക്ഷണമെന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: