കുടിച്ചാല്‍ വയറ്റില്‍ക്കിടക്കണം അല്ലാതെ കറന്റ് കമ്പിക്ക് മുകളിലല്ല!
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്ക് അറിയാം. മദ്യപിച്ച് ഒരോരുത്തരും കാണിച്ച് കൂട്ടുന്ന പല കോപ്രായങ്ങളും വാര്‍ത്തകളില്‍ നാം കേള്‍ക്കുന്നതാണ്. മദ്യപാനം മദ്യപാനിക്ക് മാത്രമല്ല അയാളുടെ ചുറ്റുമുള്ളവര്‍ക്കും അപകടം വരുത്തുന്നു. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മദ്യപാനി ഒരു നാടിനെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമാണ് അത്.
ആന്ധ്രാപ്രദേശിലെ മന്യം ജില്ലയിലെ എം സിംഗിപുരം ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവാവ് വൈദ്യുതി പോസ്റ്റില്‍ കയറി വൈദ്യുതി വയറില്‍ കിടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വൈദ്യുതി വയറില്‍ കിടന്ന് ഉറങ്ങുന്ന മദ്യപാനിയെയും വീഡിയോയില്‍ കാണാം. മദ്യപാനി ആദ്യം വൈദ്യുതി പോസ്റ്റില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ ആളുകള്‍ തടയാന്‍ ശ്രമിക്കുന്നു.
എന്നാല്‍ അയാള്‍ വീണ്ടും പോസ്റ്റില്‍ കയറുന്നത് കണ്ട് നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയും അവര്‍ ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്യുകയും ചെയ്തു. പിന്നാലെ മുകളില്‍ എത്തിയ മദ്യപാനി വൈദ്യുതി ലൈനുകള്‍ക്കിടയില്‍ കിടക്കുകയായിരുന്നു. പൊലീസ് ഉള്‍പ്പടെ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് യുവാവിനെ രക്ഷിച്ചത്. മദ്യപാനിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചു.