CrimeNEWS

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അഞ്ചുവയസ്സുകാരനെ വെട്ടിക്കൊന്നു; ബന്ധുവായ 19-കാരന് ജീവപര്യന്തം

തൃശ്ശൂര്‍: അഞ്ചുവയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ബന്ധുവായ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. അസം സ്വദേശി ജമാല്‍ ഹുസൈനെ(19)യാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമേ വിവിധ വകുപ്പുകളായി 12 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയുമുണ്ട്.

മുപ്ലിയത്തുള്ള ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ് കമ്പനിയിലെ ജോലിക്കാരായിരുന്ന ബഹാരുളിന്റെയും നജ്മ ഖാത്തൂണിന്റെയും മകന്‍ നജ്റുള്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. നജ്മയുടെ മാതാവിന്റെ ചേച്ചിയുടെ മകനാണ് ജമാല്‍ ഹുസൈന്‍. 2023 മാര്‍ച്ച് 30-നായിരുന്നു സംഭവം.

Signature-ad

ഇഷ്ടികക്കമ്പനിയില്‍ തന്നെയായിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്. സംഭവത്തിന്റെ തലേദിവസമാണ് പ്രതി അവിടേക്കു വന്നത്. നാട്ടിലെ സ്വത്തുതര്‍ക്കം മൂലം നജ്മയോടും കുടുംബത്തോടും വൈരമുണ്ടായിരുന്ന പ്രതി, അത് കാണിക്കാതെ കുടുംബത്തോടൊപ്പം രാത്രി കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ ഭര്‍ത്താവും മറ്റു പണിക്കാരും ജോലിക്ക് പോയപ്പോള്‍ അടുക്കളയില്‍ ജോലി ചെയ്തിരുന്ന നജ്മയെ വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും വെട്ടി.

അടുത്തിരുന്ന് ഭക്ഷണം കഴിച്ചിരുന്ന മകന്‍ നജ്റുള്‍ ഇസ്ലാമിന്റെ കഴുത്തിലും വെട്ടേറ്റു. കുഞ്ഞ് സംഭവസ്ഥലത്തുവെച്ച് മരിച്ചു. ആക്രമണത്തില്‍ നജ്മയുടെ വിരല്‍ അറ്റുപോകുകയും കൈകളുടെ എല്ലൊടിയുകയും തലയില്‍ മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ജോലിക്കാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സി.ഐ. എസ്. ജയകൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു എന്നിവര്‍ ഹാജരായി.

Back to top button
error: