KeralaNEWS

കൂത്താട്ടുകുളം നഗരസഭ അവിശ്വാസപ്രമേയം; കുറുമാറിയ എല്‍ഡിഎഫ് കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയി, പ്രതിഷേധം

എറണാകുളം: കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ സിപിഎം കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. കൗണ്‍സില്‍ യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അനൂപ് ജേക്കബ് എംഎല്‍എയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

13 ഭരണസമിതി അംഗങ്ങളുള്ള നഗരസഭ എല്‍ഡിഎഫാണ് ഭരിക്കുന്നത്. ഇന്നത്തെ അവിശ്വാസ നോട്ടീസ് നല്‍കിയതിന് പിന്നാലെ തന്നെ പങ്കെടുക്കേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് തീരുമാനിച്ചത്. എന്നാല്‍ ഇതിനിടെ ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കൂറുമാറി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അറിയിച്ചു. അദ്ദേഹം യുഡിഎഫ് കൗണ്‍സിലറുടെ വാഹനത്തിലാണ് നഗരസഭയില്‍ വന്നിറങ്ങിയത്. പിന്നാലെ എല്‍ഡിഎഫ് കൗണ്‍സിലറെ നഗരസഭ ചെയര്‍പേഴ്‌സണിന്റെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പൊലീസ് നോക്കിനില്‍ക്കെയാണ് ഈ അതിക്രമം എന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രതിഷേധം.

Signature-ad

കൂത്താട്ടുകുളം കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ഒരു കോടി 79 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെയാണ് ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ കാരണമെന്ന് യുഡിഎഫ് ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി ജോസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോണ്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: