KeralaNEWS

സ്വത്ത് തര്‍ക്കത്തില്‍ ഗണേഷിന് ആശ്വാസം; വില്‍പ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് ഫോറന്‍സിക് ഫലം

തിരുവനന്തപുരം: സഹോദരിയുമായുള്ള സ്വത്തുതര്‍ക്കത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. വില്‍പ്പത്രത്തില്‍ ഉള്ള ഒപ്പ് ആര്‍ ബാലകൃഷ്ണപിള്ളയുടെ തന്നെയാണെന്ന് പരിശോധന ഫലം പുറത്തുവന്നു. ഒപ്പ് വ്യാജം എന്നായിരുന്നു സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണം.

കേരള രാഷ്ട്രീയത്തിലെ അതികായനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തില്‍ സ്വത്തുക്കളുടെ വലിയൊരു ഭാഗം മകന്‍ ഗണേഷ് കുമാറിന് നല്‍കിയിരുന്നു. എന്നാല്‍ വില്‍പ്പത്രത്തിലെ ബാലകൃഷ്ണപിള്ളയുടെ ഒപ്പുകള്‍ വ്യാജമാണെന്നായിരുന്നു സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മുന്‍സിഫ് കോടതിയില്‍ ഉഷാ മോഹന്‍ദാസ് കേസ് നല്‍കുകയും ചെയ്തു. ഇതിന്റെ നിയമനടപടികള്‍ തുടര്‍ന്ന് വരികയാണ്.

Signature-ad

കോടതി നിര്‍ദേശപ്രകാരമാണ് വില്‍പ്പത്രത്തിലെ ഒപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. സ്റ്റേറ്റ് ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടെ തന്നെ. ആര്‍ ബാലകൃഷ്ണപിള്ള അസുഖബാധിതനായിരുന്നപ്പോള്‍, അവസാനത്തെ രണ്ടര വര്‍ഷം കെ ബി ഗണേഷ് കുമാറിനൊപ്പം ആയിരുന്നു. ഈ സമയത്താണ് വില്‍പ്പത്രം തയാറാക്കിയത്.

ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടെ തന്നെയാണെന്ന്, ഒപ്പം ഉണ്ടായിരുന്ന കാര്യസ്ഥന്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ അറിവില്ലാതെയാണ് വില്‍പ്പത്രം തയാറാക്കിയത് എന്നായിരുന്നു ഉഷാ മോഹന്‍ദാസിന്റെ വാദം. ഈ വിഷയത്തിലാണ് ഇപ്പോള്‍ ഫോറന്‍സിക് ഫലം കെ ബി ഗണേഷ് കുമാറിന് അനുകൂലമായി വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: