NEWS

മുണ്ടക്കയത്ത് നാളെ മുതൽ ഒരാഴ്ച കടകൾ അടച്ചിടും, കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു

കോട്ടയം – ഇടുക്കി ജില്ലകളുടെ പ്രവേശന കവാടമായ മുണ്ടക്കയത്ത് കോവിഡ് -19 അനിയന്ത്രിതമായി പടരുന്നു. ഒരു കുടുംബത്തിലെ 8 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മുണ്ടക്കയത്ത് ടൗണിലെ പ്രധാന ദന്താശുപത്രി യിലെ ഡോക്ടർ, അക്കൗണ്ടന്റ്, ടൗണിലെ രോഗം സ്ഥിരീകരിച്ചയാളിൻ്റെ മകനും കുടുംബം, വണ്ടൻപതാൽ സ്വദേശിയായ പൊതുപ്രവർത്തകൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളിൻ്റെ പലവ്യഞ്ജന സ്ഥാപനത്തോട് ചേർന്നാണ് ദന്താശുപത്രി പ്രവർത്തിക്കുന്നത്. ഇവിടെ നിന്നാവാം രോഗം ഇവർക്ക് പിടികൂടിയെന്നാണ് നിഗമനം. പ്രാഥമിക രോഗലക്ഷണങ്ങൾ കണ്ട ദന്തഡോക്ടർ നടത്തിയ സ്രവപരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. പിന്നാലെ രോഗലക്ഷണം കണ്ട ജീവനക്കാരൻ നടത്തിയ ആന്റിജൻ പരിശോധനയിൽ ഇയാൾക്കും പോസിറ്റീവ് ആവുകയായിരുന്നു.
മുണ്ടക്കയത്തെ തിരക്കേറിയ ദന്താശുപത്രിയാണ് ഇത്. അതിനാൽ തന്നെ നിരവധിയാളുകൾ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിയിലെത്തിയ രോഗികളും മറ്റുള്ളവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ഡോക്ടർ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു.

വണ്ടൻപതാൽ സ്വദേശിയായ ഈരാറ്റുപേട്ട സ്റ്റേഷനിലെ പൊലീസുകാരനിലാണ് മേഖലയിൽ ആദ്യം രോഗം കണ്ടെത്തിയത്. തുടർന്നു ഇയാളുടെ ബന്ധുക്കളായ എട്ടു പേർക്ക് രോഗം കണ്ടെത്തി. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ പൊലീസുകാരൻ്റെ പിതൃസഹോദര കുടുംബവുമുണ്ട്. ഇവരുടെ അടുത്ത സുഹൃത്താണ് പൊതു പ്രവർത്തകനായ യുവാവ്. ഇദ്ദേഹവുമായി വാഹനത്തിലിരുന്നു സംസാരിച്ച മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. രാജു, പഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫീസർ, ജൂനിയർ സൂപ്രണ്ട് എന്നിവർ ക്വാറന്റൈനിൽ പോയി.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി യോട് സമ്പർക്കമുണ്ടായിരുന്ന ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ്, പാർട്ടി ലോക്കൽ സെക്രട്ടറിമാർ, ഏരിയ കമ്മറ്റിയംഗം എന്നിവരടക്കമുള്ളവർ കഴിഞ്ഞ ദിവസം സ്വയം നിരീക്ഷണത്തിൽ കയറിയിരുന്നു.രോഗം സ്ഥിരീകരിച്ചയാളുകളുടെ സമ്പർക്ക പട്ടിക ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ആളുകളെ കണ്ടെത്താനുള്ള ശ്രമം വകുപ്പിന് തലവേദനയായിരിക്കുകയാണ്.

രോഗികളുടെ എണ്ണം വർധിച്ചതോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് ആർ.സി. നായർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Back to top button
error: