കോവിഡ് വാക്സിൻ സ്പുട്നിക് അഞ്ചിന് അംഗീകാരം നൽകി റഷ്യ ,ആശങ്കയോടെ ഉറ്റുനോക്കി ലോകം
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി പിന്നിടുമ്പോൾ കോവിഡ് വാക്സിന് അംഗീകാരം നൽകി റഷ്യ .ലക്ഷക്കണക്കിന് വരുന്ന ആളുകളുടെ മേൽ കോവിഡ് വാക്സിൻ കുത്തിവെക്കാൻ അംഗീകാരം നൽകിയ ആദ്യ സർക്കാർ ആയി പുടിൻ സർക്കാർ .ലോകമൊന്നാകെ കോവിഡ് വാക്സിന് വേണ്ടി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുമ്പോഴാണ് റഷ്യ വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത് .
കോവിഡ് വാക്സിൻ കണ്ടെത്തിയെന്നത് നല്ല വാർത്തയാണ് .എന്നാൽ ഒരു വിഭാഗം ശാസ്ത്രജ്ഞന്മാർ ഇക്കാര്യത്തിൽ ആശങ്കാകുലരാണ് .വേണ്ടത്ര പരീക്ഷണങ്ങൾക്ക് സമയം നൽകാതെ ധൃതി പിടിച്ചുള്ള നടപടികൾ ആയോ റഷ്യയുടേത് എന്നാണ് സംശയം .സുരക്ഷയെക്കാൾ പ്രാധാന്യം റഷ്യ ദേശീയതക്ക് നൽകിയോ എന്നതാണ് ചോദ്യം .
രണ്ടു മാസം പോലും മനുഷ്യരിൽ പരീക്ഷണം നടത്താതെയാണ് റഷ്യൻ സർക്കാർ വാക്സിന് അനുമതി നൽകിയിരിക്കുന്നത് .ലോകത്തെ ആദ്യ ഉപഗ്രഹമായ സുപട്നിക് അഞ്ചിന്റെ പേര് തന്നെയാണ് റഷ്യ വാക്സിന് നൽകിയിരിക്കുന്നത് .വാക്സിൻ തയ്യാറാക്കിയത് ആദ്യം റഷ്യ ആണെന്ന് ഓർക്കപ്പെടാനാണ് ഈ പേര് .
തന്റെ മുതിർന്ന മക്കളിൽ ഒരാളിൽ വാക്സിൻ പരീക്ഷിച്ചുവെന്നും ശക്തമായ ആന്റിബോഡി ശരീരത്തിൽ വാക്സിൻ കാരണം ഉണ്ടായെന്നും പുടിൻ അവകാശപ്പെടുന്നു .റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയാ ഇൻസ്റ്റിറ്റിയൂട്ടും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത് .38 സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി ജൂൺ 18 നാണ് ക്ലിനിക്കൽ പരീക്ഷണം നടത്തിയിരിക്കുന്നത് .
വേണ്ടത്ര ക്ലിനിക്കൽ പരീക്ഷണം ഉണ്ടായില്ലേ എന്ന് ശാസ്ത്രലോകം സംശയിക്കുമ്പോൾ ഈ വർഷാവസാനം വാക്സിൻ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കും എന്നാണ് റഷ്യ പറയുന്നത് .വ്യാപകമായി മനുഷ്യരിൽ പരീക്ഷിക്കുന്ന മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കും മുമ്പാണ് റഷ്യ വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത് .
മൂന്നാം ഘട്ട പരീക്ഷണം ബുധനാഴ്ചയാണ് ആരംഭിക്കുക .റഷ്യക്ക് പുറമെ യു എ ഇ ,സൗദി അറേബ്യ ,ഫിലിപ്പൈൻസ്,ബ്രസീൽ എന്നിവിടങ്ങളിലും വാക്സിൻ പരീക്ഷിക്കും .മുഴുവൻ പരീക്ഷണ ഘട്ടങ്ങളോടെയും കടന്നു പോയാൽ മാത്രമേ വാക്സിന് അംഗീകാരം നൽകൂ എന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന .എന്നാൽ റഷ്യയുമായി ഇക്കാര്യങ്ങളിൽ ചർച്ച നടക്കുക ആണെന്നാണ് സംഘടനാ വൃത്തങ്ങൾ പറയുന്നത് .