NEWS

കരട് വിജ്ഞാപനം റദ്ദാക്കണം: ഉമ്മന്‍ ചാണ്ടി

കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയം, മണ്ണിടിച്ചില്‍ തുടങ്ങിയ അതിതീവ്രപാരിസ്ഥിതിക പ്രശ്‌നങ്ങളെ വഷളാക്കുന്ന പരിസ്ഥിതി ആഘാത പഠന (ഇഐഎ) നിയമഭേദഗതിയുടെ കരടുവിജ്ഞാപനത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ അത് അടിയന്തരമായി പിന്‍വലിച്ച് കൂടുതല്‍ ശക്തമായ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രപരിസ്ഥിതി മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.

കോവിഡിന്റെ മറവില്‍ ആരോടും ചര്‍ച്ച ചെയ്യാതെ കൊണ്ടുവന്ന ഈ ഭേദഗതി ഖനന, ക്വാറി, നിര്‍മാണ മാഫിയകളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. കര്‍ഷകര്‍, ഗ്രാമീണര്‍, ആദിവാസികള്‍ തുടങ്ങിയവരുടെ നിലനില്പിനെപോലും ഇതു ചോദ്യം ചെയ്യും. കൂടുതല്‍ എളുപ്പത്തില്‍ ബിസിനനസ് നടത്തുകയല്ല ഇപ്പോള്‍ നാടിന് ആവശ്യം, മറിച്ച് ദുര്‍ബലമായ നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയാണു വേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Signature-ad

നിലവിലുള്ള നിയമത്തില്‍ വലിയ തോതില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം വേണ്ട, പൊതുജനാഭിപ്രായം പരിഗണിക്കേണ്ടതില്ല, ജില്ലാപരിസ്ഥിതി ആഘാത സമിതികള്‍ വേണ്ട, മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ പദ്ധതിയുടെ പണി ആരംഭിക്കാം തുടങ്ങിയ നിരവധി ഇളവുകള്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.

പശ്ചിമഘട്ടത്തെ തുരന്ന് കൂടുതല്‍ ക്വാറികള്‍ ആരംഭിക്കാനുള്ള വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിലവില്‍ 3000ലധികം ക്വാറികളുള്ളതില്‍ ലൈസന്‍സ് ഉള്ളത് 800ല്‍ താഴെയാണ്. കൂടുതല്‍ ക്വാറികള്‍ തുടങ്ങാനുള്ള ഇളവുകള്‍ വിജ്ഞാപനത്തിലുണ്ട്. 5 ഏക്കര്‍ വരെയുള്ള സ്ഥലത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ ഖനനം നടത്താം. ഒന്നരലക്ഷം ചതുരശ്രമീറ്റര്‍ വരെയുള്ള നിര്‍മാണത്തിന് പരിസ്ഥിതി മുന്‍കൂര്‍ അനുമതി വേണ്ട. സുപ്രീംകോടതിയും ഹരിതട്രൈബ്യൂണലും നേരത്തെ തള്ളിക്കളഞ്ഞതാണിത്. വിജ്ഞാപനത്തിലെ പല നിര്‍ദേശങ്ങളും കോടതി വിധികള്‍ക്കെതിരേയുള്ളതാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

പരിസ്ഥിത നിയമം ലംഘിച്ചാല്‍ പിഴ മതി എന്നതാണ് മറ്റൊരു അപകടകരമായ വ്യവസ്ഥ. യഥാര്‍ത്ഥത്തില്‍ ഇതു ക്രിമിനല്‍ കുറ്റമാണ്. പരിസ്ഥിതി നിയമലംഘനങ്ങള്‍ക്ക് കൂടുതല്‍ ശിക്ഷ ഏര്‍പ്പെടുത്തുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. 70 മീറ്റര്‍ വീതിയുള്ള ഹൈവേ നിര്‍മാണത്തിന് പരിസ്ഥിതി അനുമതി വേണ്ട എന്ന നിലപാടും അംഗീകരിക്കാനാവില്ല.

രാജ്യം വലിയ പ്രതിസന്ധിയിലൂടെയും പരിസ്ഥിതി പ്രശ്‌നങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ ആരോടും ചര്‍ച്ച ചെയ്യാതെ പുറപ്പെടുവിച്ച ഇഐഎ കരട് വിജ്ഞാപനം ദുരൂഹമാണ്. കരട് വിജ്ഞാപനം റദ്ദാക്കിയ ശേഷം ഇതിന്റെ പേരില്‍ ഏറ്റവുമധികം ആധി അനുഭവിക്കേണ്ടിവരുന്ന കര്‍ഷകര്‍, കര്‍ഷകസംഘടനകള്‍, മറ്റു ജനവിഭാഗങ്ങള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്തു മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Back to top button
error: