അധികാരമുറപ്പിക്കാനും അധികാരം പിടിക്കാനുമുള്ള രാഷ്ട്രീയ ആയുധമായി ശ്രീരാമനെ മാറ്റുന്നതിലാണ് ബിജെപി സർക്കാരുകളുടെ ശ്രദ്ധ :സിപിഐഎം
ശ്രീരാമനെ രാഷ്ട്രീയ ആയുധമായി ബിജെപി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം. ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോപണം
സിപിഐഎമ്മിന്റെ ഫേസ്സ്‌ബുക്ക് പോസ്റ്റ് –
കേരളത്തിലെ തെരഞ്ഞെടുക്കപ്പട്ടതും നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്നതുമായ ആദ്യ ജനകീയ സർക്കാരിനെ-ഇ എം എസ് ഭരണത്തെ കേന്ദ്രസർക്കാർ 61 വർഷംമുമ്പ് ഇതേദിവസമാണ് പിരിച്ചുവിട്ടത്. കേന്ദ്രഭരണകക്ഷിയുടേതല്ലാത്ത സർക്കാരുകളെ വാഴിക്കില്ല എന്ന തീട്ടൂരമായിരുന്നു അന്ന് കേന്ദ്രഭരണത്തിന് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് അതിനപ്പുറം ആർഎസ്‌എസ് നയിക്കുന്ന കേന്ദ്രസർക്കാർ വിളംബരം ചെയ്യുന്നത്, ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ തടസ്സംനിൽക്കുന്ന ഏതുമതത്തെയും സമുദായത്തെയും രാഷ്‌ട്രീയ പ്രസ്ഥാനത്തെയും പൗരന്മാരെയും സംസ്ഥാന ഭരണങ്ങളെയും ഇല്ലായ്‌മ ചെയ്യും എന്നാണ്. ഈ അക്രമാസക്ത രാഷ്‌ട്രീയത്തിനുവേണ്ടി ജനങ്ങളുടെ മനസ്സ് പിടിച്ചെടുക്കാൻ ജനങ്ങളിൽ വലിയ വിഭാഗം ആരാധിക്കുന്ന ശ്രീരാമന്റെ പേര് ഇതിന് ഉപയോഗിക്കുന്നു.
ശ്രീരാമന്റെ നിറം കാവിയല്ലെന്ന് ഏവർക്കുമറിയാം. എന്നാൽ, രാമനെ കാവിയിൽമുക്കി ഹിന്ദുത്വ കാർഡാക്കി കോവിഡ്-19 എന്ന മഹാമാരിയുടെ കാലത്തും കളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘപരിവാറും ജേഴ്‌സി അണിഞ്ഞിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ആഗസ്‌ത് അഞ്ചിന് രാമക്ഷേത്ര സമുച്ചയത്തിന് അയോധ്യയിൽ മോഡി തറക്കല്ലിടുന്നത്. ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2500 കോടി രൂപ ചെലവിലാണ് ക്ഷേത്രസമുച്ചയം പണിയുക. ശിലാന്യാസവും ഭൂമിപൂജയും രാജ്യവ്യാപക ആഘോഷ പരിപാടിയാക്കാനാണ് സംഘപരിവാർ ആഹ്വാനം. അയോധ്യാ വിശേഷങ്ങൾ അന്ന് തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ദൂരദർശൻ അറിയിച്ചിട്ടുണ്ട്.
കോവിഡ്-19ന്റെ പിടിയിൽ ദിനംപ്രതി അരലക്ഷത്തിലേറെ പേർ പുതുതായി അകപ്പെടുന്ന സ്‌ഫോടനാത്മകമായ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഇന്ത്യ. അതിനെ നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം അധികാരമുറപ്പിക്കാനും അധികാരം പിടിക്കാനുമുള്ള രാഷ്ട്രീയ ആയുധമായി ശ്രീരാമനെ മാറ്റുന്നതിലാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾക്കും സംഘപരിവാറിനും ശ്രദ്ധ. അതാണ് രാജസ്ഥാനിൽ എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് ഗെലോട്ട് സർക്കാരിനെ തകർക്കാനും കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാനുമുള്ള നീക്കങ്ങളിൽ പ്രതിഫലിക്കുന്നത്. ഇത്തരം വളഞ്ഞവഴി രാഷ്ട്രീയത്തിന് തണൽവിരിക്കാനാണ് ശ്രീരാമന്റെ പേര് ദുരുപയോഗപ്പെടുത്തുന്നത്.
കൊറോണയെ പിടിച്ചുകെട്ടാൻ സംസ്ഥാന സർക്കാരുകളെ വേണ്ടവിധം കേന്ദ്രം സഹായിക്കുന്നില്ല. പ്രതിരോധനടപടികൾ സ്വന്തമായി സ്വീകരിക്കുന്നതിലും പിന്നിലാണ്. മഹാമാരി കാരണം രാജ്യത്തെ ജനകോടികൾ അഭിമുഖീകരിക്കുന്ന ഉപജീവന പ്രതിസന്ധിയെ അതിജീവിക്കാൻ നടപടിയെടുക്കുന്നതിലും കേന്ദ്രസർക്കാർ പരാജയമാണ്. ഇതെല്ലാം മൂടിവയ്‌ക്കാൻകൂടിയാണ് ഈ ഘട്ടത്തിൽ രാമക്ഷേത്ര നിർമാണത്തെ മുഖ്യഅജൻഡയായി മോഡി സർക്കാരും സംഘപരിവാറും കൊണ്ടുവന്നിരിക്കുന്നത്.
കൊറോണയെ തുരത്താനുള്ള മുഖ്യമരുന്ന് രാമക്ഷേത്രനിർമാണമാണെന്ന പ്രചാരണവും ബിജെപി എംപിമാരും മന്ത്രിമാരുമൊക്കെ നടത്തുന്നു എന്നതാണ് ഏറ്റവും ലജ്ജാകരമായ കാര്യം. ജൂലൈ 25 മുതൽ ആഗസ്‌ത് അഞ്ചുവരെ ദിവസം അഞ്ചുനേരം ഹനുമാൻ കീർത്തനം ചൊല്ലിയാൽ മഹാമാരിയെ തുരത്താമെന്നാണ് ഭോപാൽ എംപിയായ സന്യാസിനി പ്രഗ്യാസിങ് ഠാക്കൂറിന്റെ ഉപദേശം. രാമക്ഷേത്രത്തിന് ഓരോ ശിലയും വീഴുമ്പോൾ ഓരോ പ്രദേശത്തെയും കോവിഡ് ഇല്ലാതാകുമെന്നാണ് ബിജെപിയുടെ ഒരു ദേശീയ നേതാവ് അഭിപ്രായപ്പെട്ടത്. യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ബിജെപി ഭരണത്തിൽ യുപിയിൽ കോവിഡ് പിടിവിട്ട് പായുകയാണ്. അപ്പോഴാണ് ഇത്തരം യുക്തിഹീനമായ ഹിന്ദുത്വ പ്രചാരണങ്ങൾ. ആഗസ്‌ത് അഞ്ചിന് രാമക്ഷേത്രത്തിന് ആദ്യശില മോഡി പാകുന്നത് ബാബ്‌റി മസ്ജിദ് തകർത്ത കേസിലെ പ്രതികളായ എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി, മുൻ യുപി മുഖ്യമന്ത്രി കല്യാൺസിങ്, ആർ എസ്എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.
https://www.facebook.com/256900251106518/posts/3005457496250766/