ദീപാവലി ആഘോഷിക്കാനുള്ള തിരക്കിലാണ് നാം എല്ലാവരും. ആഘോഷങ്ങളുടെ ഭാഗമായി തീൻമേശയിൽ വിവിധ പലഹാരങ്ങളും വിഭവങ്ങളും നിറയുന്ന ആഘോഷമാണ് ദീപാവലി. ദീപാവലി എന്നാൽ ദീപങ്ങളുടെ മാത്രമല്ല മധുരങ്ങളുടെ കൂടി ഉത്സവമാണ്.
ദീപങ്ങളുടെ ഈ ഉത്സവത്തെ ആനന്ദകരമാക്കുന്നതിൽ പലഹാരങ്ങൾക്കും വലിയൊരു പങ്കുണ്ട്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കുമൊക്കെ മധുരം നൽകി ആളുകൾ ദീപാവലി ആഘോഷിക്കുന്നു. ഈ ആഘോഷവേളയിൽ വിരുന്നൊരുക്കാൻ നല്ല മധുരമൂറും ലഡു തയാറാക്കിയാലോ? ഈ ദീപാവലിയ്ക്ക് ലഡു വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.
വേണ്ട ചേരുവകൾ
കടലമാവ് 1 കപ്പ്
വെള്ളം മുക്കാൽ കപ്പ്
ഏലയ്ക്കാപൊടി അര ടീസ്പൂൺ
നെയ്യ് 2 ടീസ്പൂൺ
പഞ്ചസാര 1 കപ്പ്
കളർ ഒരു നുള്ള്
അണ്ടിപ്പരിപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
ഉണക്കമുന്തിരി ആവശ്യത്തിന്
ബൂന്ദി തയാറാക്കുന്നത്
ബൂന്ദി തയാറാക്കാനായി ഒരു പാത്രത്തിൽ ഒരു കപ്പ് കടലമാവ് എടുത്ത് അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും കളറും ചേർത്ത് നന്നായി യോജിപ്പിക്കുക. ബൂന്ദി വറക്കുന്നതിനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി തയ്യാറാക്കിയ മാവ് ബൂന്ദി തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചെറിയ ദ്വാരമുള്ള പാത്രത്തിൽ ഒഴിച്ച് വറുത്തെടുക്കുക.
ഒരു പാത്രം ചൂടാക്കി അതിലേക്ക് ഒരു കപ്പ് പഞ്ചസാരയും മുക്കാൽ കപ്പ് വെള്ളവും കളറും ഏലയ്ക്കാ പൊടിയും ചേർത്ത് നന്നായി മിക്‌സ് ചെയ്ത തിളപ്പിക്കുക. അഞ്ച് മിനുട്ട് നേരം വേവിച്ചതിന് ശേഷം തീ ഓഫ് ചെയ്ത് തയ്യാറാക്കി വച്ച ബൂന്ദിയും നെയ്യും ചേർത്ത് നന്നായി യോജിപ്പിച്ച് ചെറുതീയിൽ 10 മിനിറ്റ് വേവിക്കുക. അതിനുശേഷം തീ ഓഫ് ചെയ്ത് അണ്ടിപ്പരിപ്പും ചേർത്ത് മിക്‌സ് ചെയ്ത് ചെറുചൂടോടെ ഉരുട്ടി എടുക്കുക. ഉരുട്ടിയെടുത്ത് ലഡു തയാറാക്കിയ ശേഷം ഉണക്കമുന്തിരി കൂടി വച്ച് അലങ്കരിക്കുക.