കൊല്ലം : കൊല്ലത്ത് സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സൈന്യം അന്വേഷണം തുടങ്ങി.
കിളികൊല്ലൂര്‍ സ്റ്റേഷനിലെ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പരാതിക്കാരന് എത്തുമ്ബോഴാണ് സേനയുടെ ഇടപെടല്‍. സൈനികനെ മര്‍ദ്ദിച്ചത് അതീവ ഗൗരവത്തോടെയാണ് സേന കാണുന്നത്. കേസ് സിബിഐയെ കൊണ്ടും അന്വേഷിപ്പിക്കാനാണ് തീരുമാനം.
സൈനികനാണെന്ന് അറിഞ്ഞാണ് മര്‍ദ്ദനമെന്നത് അതീവ ഗൗരവത്തോടെയാണ് സേന കാണുന്നത്. ഇനി നീ കാഞ്ചി വലിക്കില്ലെന്ന് പറഞ്ഞ് വിരല്‍ പോലും ഒടിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ സേന അതിശക്തമായ നടപടി എടുക്കുമെന്നാണ് സൂചന.
കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്ഐ പേരൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറി പേരൂര്‍ ഇന്ദീവരത്തില്‍ വിഘ്നേഷ് (25), സൈനികനായ ജ്യേഷ്ഠസഹോദരന് വിഷ്ണു (30) എന്നിവരെ മര്‍ദിച്ച സംഭവത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്ഷന് നല്‍കിയിരുന്നു. സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.വിനോദ്, എസ്ഐ എ.പി. അനീഷ്, എഎസ്ഐ ആര്. പ്രകാശ് ചന്ദ്രന്, സിവില്‍ പൊലീസ് ഓഫിസര്‍ മണികണ്ഠന് പിള്ള എന്നിവര്‍ക്കാണു സസ്പെന്ഷന്. അനീഷ്, പ്രകാശ് ചന്ദ്രന്, സിവില്‍ പൊലീസ് ഓഫിസര്‍ വി.ആര് ദിലീപ് എന്നിവരെ നേരത്തേ സ്ഥലംമാറ്റിയിരുന്നു. വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് സൈനിക ഇടപെടല്‍ വരുന്നത്. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സൈന്യം റിപ്പോര്‍ട്ട് തേടിയിരുന്നു.
സസ്പെന്ഷന് കൊണ്ട് മാത്രം കാര്യമില്ലെന്നും അക്രമിച്ച പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നുമാണ് യുവാവിന്റെ ആവശ്യം. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും മര്‍ദ്ദനമേറ്റ വിഘ്നേഷ് പറയുന്നു. കേസില്‍ പൊലീസുകാര്‍ക്കുണ്ടായ വീഴ്ച്ച സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടും ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥര്‍ ആദ്യം മുതലേ സ്വീകരിച്ചത്. ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തല്ലിച്ചതച്ചതെന്നാണ് വിഘ്നേഷ് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ജില്ലാ പൊലീസ് മേധാവി ഡിഐജി ആര് നിശാന്തിനിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ എസ്.എച്ച്.ഒ വിനോദും എസ്ഐ അനീഷും യുവാക്കളെ മര്‍ദ്ദിച്ചതായി പറയുന്നില്ല. മാത്രമല്ല നടപടി നാല് പേരിലേക്ക് ഒതുങ്ങി. ഇതിനിടെയാണ് സൈന്യം അന്വേഷണത്തിന് എത്തുന്നത്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് മനുഷ്യാവകാശ കമ്മിഷന് അംഗം വി.കെ ബീനാകുമാരി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിര്‍ദ്ദേശം നല്കി.