KeralaNEWS

കണക്കുകളില്‍ തൃപ്തിയില്ല; ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് വിജിലന്‍സ്

കണ്ണൂര്‍: മുസ്ലീം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നേരത്തെ ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പണം പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ണൂരിലെ വീട്ടില്‍നിന്നും 47 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണത്തിന് കെ.എം ഷാജി നികുതി അടച്ചിരുന്നു. പിന്നാലെയാണ് വിജിലന്‍സ് ഐ.ടി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഷാജിയുടെ വരുമാനം ആദായനികുതി വകുപ്പ് പരിശോധിക്കണമെന്നാണ് വിജിലന്‍സിന്റെ ആവശ്യം. മുന്‍കാലങ്ങളില്‍ കെ.എം ഷാജി അടച്ച നികുതിയുടെ കണക്കും ഇപ്പോഴത്തെ കണക്കും താരതമ്യം ചെയ്ത ശേഷമാണ് വിജിലന്‍സ് അവിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലന്‍സ് അന്വേഷണം.

Signature-ad

അഴീക്കോട് എം.എല്‍.എയായിരിക്കെ 2016-ല്‍ കെ.എം ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുസ്ലിം ലീഗ് മുന്‍ നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സ്‌കൂളിലെ ഒരു അധ്യാപകനില്‍ നിന്ന് കോഴ വാങ്ങിയെന്നും ഈ അധ്യാപകന് പിന്നീട് ഇതേ സ്‌കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇ ഡി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കണ്ടുകെട്ടിയിരുന്നു. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Back to top button
error: