ഭാര്യാഭർത്താക്കന്മാർക്ക് ഇനിമുതല്‍ പഞ്ചാബിലെ ജയിലുകളില്‍ വച്ച് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാൻ സൗകര്യം. വളരെ ഐതിഹാസികമായ ഒരു തീരുമാനമാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിലും ലൈംഗികാതിക്രമക്കേസുകളിലും ഉള്‍പ്പെടാത്ത തടവുപുള്ളികള്‍ക്ക് സന്താനലബ്ധിക്കായി ജയിലില്‍ സ്വന്തം പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇനി കുറ്റവാളി സ്ത്രീയാണെങ്കില്‍ ഭര്‍ത്താവായ പുരുഷന് അവര്‍ക്കൊപ്പം കഴിയാന്‍ ജയിലില്‍ പ്രവേശനം ലഭിക്കും. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയില്‍ ഇത്തരം മൂന്ന് കേസുകളാണ് സമീപകാലത്ത് രജിസ്റ്റര്‍ ചെയ്തത്. 2022 മാര്‍ച്ചില്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സ്ത്രീയും ഹൈക്കോടതിയെ സമീപിച്ചു. 2018 മുതല്‍ ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും കുടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ തങ്ങള്‍ക്ക് കുട്ടികള്‍ അനിവാര്യമാണെന്നും അവര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഭരണഘടനയുടെ 21-ാം അനുച്ഛേദമനുസരിച്ച് (ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം) സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.
ഒടുവില്‍ ഹൈക്കോടതി സര്‍ക്കാരിനോട് ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം നടത്താനാവശ്യപ്പെടുകയും അത് എത്രയും വേഗം ഫലപ്രദമായി നടപ്പാക്കാനും നിര്‍ദ്ദേശിച്ചു. നീണ്ട പോരാട്ടങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം, പഞ്ചാബ് സര്‍ക്കാര്‍, കുട്ടികളാഗ്രഹിക്കുന്ന പുരുഷ- വനിതാ തടവുകാര്‍ക്ക് അവരുടെ ഭാര്യക്കും ഭര്‍ത്താവിനുമൊപ്പം ജയിലില്‍ കുറച്ചുദിവസം ഒന്നിച്ചു താമസിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഇവര്‍ക്കുവേണ്ടി പ്രത്യേക മുറികളും ഡബിള്‍ കിടക്കകളും ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ പഞ്ചാബിലെ ഇന്തുവാള്‍ സാഹിബ്, നഭ, ലുധിയാന, ഭട്ടിണ്ട ജയിലുകളിലാണ് ഈ സൗകര്യങ്ങള്‍. തുടര്‍ന്ന് മറ്റു ജയിലുകളിലും ഈ സംവിധാനം ഒരുക്കുന്നതാണ്. എന്നാല്‍ നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ ആനുകൂല്യം തടവുകാര്‍ക്ക് ലഭിക്കുക. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോ ലൈംഗികാതിക്രമക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നതോ ആയ കുറ്റവാളികള്‍ക്ക് ഈ സൗകര്യം ലഭിക്കില്ല.
തടവുകാരാണ് ആദ്യം അപേക്ഷിക്കേണ്ടത്. ഇതിനുശേഷം വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. കൂടാതെ ഭാര്യയുടെയും ഭര്‍ത്താവിന്റെയും മെഡിക്കല്‍ റിപ്പോര്‍ട്ടും ഹാജരാക്കണം. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ക്കനുസൃതമായി തീരുമാനമെടുക്കുകയും അനുമതി ലഭിച്ചാൽ, ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഒരുമിച്ച് കുറച്ച് ദിവസങ്ങള്‍ ജയിലില്‍ കഴിയുകയും ചെയ്യും. ഇങ്ങനെയൊരു സൗകര്യം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്.