KeralaNEWS

പിണറായി വിജയന് കെ സുധാകരൻ മാർക്കിടുന്നു, ‘മനുഷ്യത്വമുള്ളവൻ പക്ഷേ കരുണ ഒട്ടുമില്ല; ഞാൻ വരുന്നത് കണ്ടാൽ അദ്ദേഹം വേറേ വഴിക്കു പോകും’

    മുഖ്യമന്ത്രി പിണറായി വിജയന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ മാർക്കിടുന്നു. അദ്ദേഹത്തിന്റെ പ്ലസും മൈനസും സ്വന്തം യുക്തിക്കനുസരിച്ച് തുറന്നുപറയുമ്പോൾ തന്നെ വൈരുദ്ധ്യങ്ങളേറെ. ‘ഞാൻ വരുന്നത് കണ്ടാൽ അദ്ദേഹം വേറേ വഴിക്കു പോകും. പക്ഷേ, കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ എന്നെ കണ്ട് അദ്ദേഹം എഴുന്നേറ്റു, അത് മനുഷ്യത്വമാണ്. ഞാൻ തിരിച്ചുവരുമ്പോഴും അദ്ദേഹം എഴുന്നേറ്റിരുന്നു. അതിനനുസരിച്ചാണ് ഞാനും പ്രതികരിച്ചത്.’
മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഒരു ഇംഗ്ലീഷ് ദിനപത്രത്തോടായിരുന്നു സുധാകരൻ ഇപ്രകാരം പ്രതികരിച്ചത്.
ഇനി പിണറായിയുടെ ഗുണത്തെക്കുറിച്ച്:
‘പിണറായിക്ക് ചില നല്ല ഗുണങ്ങളുണ്ട്. ഉദാഹരണത്തിന്, അദ്ദേഹം ഒരു തീരുമാനമെടുത്താൽ നടപ്പാക്കാൻ ഏതറ്റം വരെയും പോകും. അദ്ദേഹം കഠിനാധ്വാനിയാണ്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അദ്ദേഹം എപ്പോഴും മുന്നിൽനിന്ന് നയിക്കും. പാർട്ടിയോട് അദ്ദേഹം പുലർത്തുന്ന ആത്മാർത്ഥത തീർച്ചയായും ഒരു മുതൽക്കൂട്ടാണ്. ഒരു എതിരാളിയെ ഇല്ലാതാക്കാൻ തീരുമാനിച്ചാൽ അത് ചെയ്യുന്നതുവരെ വിശ്രമിക്കില്ല, അത് പാർട്ടിക്കകത്തായാലും പുറത്തായാലും’.
പിണറായി വിജയന്റെ മോശം സ്വഭാവങ്ങൾ:
‘കരുണ ഒട്ടുമുണ്ടാകില്ല, എന്തുകൊണ്ടാണ് കെ.കെ ശൈലജ ഇത്തവണ മന്ത്രിസഭയിൽ ഇല്ലാത്തത്? ആരോഗ്യമന്ത്രിയായിരിക്കെ അവർ നടത്തിയ പ്രവർത്തനം പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. ഏത് സാഹചര്യത്തിലാണ് ശൈലജ ടീച്ചർ മഗ്‌സസെ അവാർഡ് സ്വീകരിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്. എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഇതേക്കുറിച്ച് പിണറായിയോട് ചോദിക്കാത്തത്…? മാധ്യമങ്ങൾക്കുവരെ പിണറായിയെ പേടിയാണ്. എതിർക്കുന്നവരെ ഉന്മൂലനം ചെയ്യാൻ എന്തും ചെയ്യാൻ മടിക്കാത്തയാളാണ് പിണറായി’ അദ്ദേഹം പറഞ്ഞു.
മുസ് ലിംലീഗ് നേതാക്കൾ ഇടത് ക്യാമ്പിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു മറുപടി. കുഞ്ഞാലിക്കുട്ടി എൽ.ഡി.എഫിനെതിരെ സംസാരിക്കാൻ മടിക്കുന്നുണ്ടല്ലോ എന്നാരാഞ്ഞപ്പോൾ, കുഞ്ഞാലിക്കുട്ടിയുടെ തലയ്ക്ക് മുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ടെന്നും എങ്കിലും അദ്ദേഹം ഒരിക്കലും കൂറുമാറില്ലെന്നുമായിരുന്നു സുധാകരന്റെ ഉത്തരം.
പിണറായിയുമായി വിട്ടുവീഴ്ചയ്ക്ക് ഒരിക്കലും തയ്യാറാകില്ലെന്ന് പറഞ്ഞ സുധാകരൻ, ബി.ജെ.പി പിണറായിയെ സഹായിക്കുകയാണെന്നും ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ എന്ത് സംഭവിച്ചു എന്ന് നോക്കിയാൽ മതി. എന്താണ് ഇ.ഡി ഇതുവരെ കേസെടുക്കാത്തതെന്നു കെ സുധാകരൻ ചോദിച്ചു.

Back to top button
error: