തൃശൂര്‍: മാള കുണ്ടൂരില്‍ ആഭിചാരകേന്ദ്രം അടച്ചുപൂട്ടമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കള്ളിയാട്ടുതറ രാജീവ് നടത്തുന്ന മഠത്തിലാന്‍ മുത്തപ്പന് കാവ് എന്ന കേന്ദ്രത്തിനെതിരെയായിരുന്നു പ്രതിഷധം. മൂന്ന് വര്‍ഷമായി ഇവിടെ പൂജ നടന്നുവരികയാണ്. മുന്‍പ് കല്‍പ്പണിക്കാരനായ വ്യക്തിയാണ് ഇപ്പോള്‍ ക്ഷേത്രത്തിലെ പൂജാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ ആഭിചാരക്രിയകള്‍ നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. കുണ്ടൂര്‍ പൗരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കേന്ദ്രത്തിന് മുന്നില്‍ പോലീസ് തടഞ്ഞു.
ക്ഷേത്ര മാതൃകയിലായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെയുള്ള ആക്രമണത്തിന് കഴിഞ്ഞ കൊല്ലം പോക്സോ വകുപ്പു ചുമത്തി രാജീവിനെ മാള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ നാണയം വച്ച് പൂജ നടത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഈ കേസിപ്പോള്‍ വിചാരണ ഘട്ടത്തിലാണ്.
നിരന്തരം പരാതി നല്‍കിയിട്ടും ആഭിചാര കേന്ദ്രത്തിനെതിരേ പോലീസ് നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇരിങ്ങാലക്കുട ആര്‍ഡിഒ ഈ കേന്ദ്രം പൊതുശല്യമാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ കേന്ദ്രം പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവിറക്കിയിരുന്നെങ്കിലും അത് പാലിക്കപ്പെടുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
വാരാന്ത്യത്തില്‍ കൂടുതല്‍ ആളുകള്‍ ഇവിടേക്ക് വരാറുണ്ടെന്നും സ്ത്രീകളുടെ കൂട്ടക്കരച്ചില്‍ കേള്‍ക്കാറുണ്ടെന്നും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. വിശദമായ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.