ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഷോപിയാന്‍ ജില്ലയില്‍ പണ്ഡിറ്റ് വിഭാഗത്തില്‍പ്പെട്ടയാളെ ഭീകരര്‍ വെടിവച്ചുകൊന്നു. പ്രദേശ വാസികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ഭീകരര്‍ കൊല്ലുന്നത് വര്‍ധിക്കുന്നതിനിടെയാണ് പുതിയ സംഭവം. പുരന്കിഷന് ഭട്ട് എന്നയാളാണ് തെക്കന്‍ കശ്മീരിലെ ചൗധരി ഗുണ്ട് മേഖലയിലെ വസതിക്ക് സമീപം വെടിയേറ്റ് മരിച്ചത്. തിരഞ്ഞുപിടിച്ചുള്ള അക്രമമാണ് ശനിയാഴ്ച നടന്നതെന്നാണ് സംശയം. ഭട്ടിനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ജീവന് നഷ്ടമായിരുന്നതായി ഷോപിയാനിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഭീകരര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. ഓഗസ്റ്റ് പതിനാറിന് ആപ്പിള്‍ തോട്ടത്തില്‍ വച്ചും കാശ്മീരി പണ്ഡിറ്റിനെ വെടിവച്ചു കൊന്നിരുന്നു. അഞ്ച് മാസം മുമ്പ് ബഡ്ഗാമില്‍ സര്‍ക്കാര്‍ ഓഫിസില്‍ പണ്ഡിറ്റ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധം ഉടലെടുത്തു. തിരഞ്ഞുപിടിച്ച് വധിക്കാന്‍ ആരംഭിച്ചതോടെ 5000 പണ്ഡിറ്റുകള്‍ കൃത്യമായി ജോലിക്ക് ഹാജരാകാത്ത സ്ഥിതിയാണ്. മറ്റെവിടേക്കെങ്കിലും സ്ഥലം മാറ്റം ആവശ്യപ്പെടുകയാണ് ഇവര്‍.
അതേസമയം, ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ചെറിയ ആയുധങ്ങള്‍ പലയിടത്തും ധാരാളമായി കടത്തുന്നുണ്ട്. ഇത് ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലാന്‍ ആണെന്ന് സംശയിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളും കശ്മീരി പണ്ഡിറ്റുകളുമാണ് കൊല്ലപ്പെടുന്നത്.