കോട്ടയം: ലോക മാനസികാരോഗ്യ ദിനത്തില്‍ മനോരോഗത്തില്‍ നിന്ന് മുക്തി നേടിയവര്‍ക്ക് വീട് ഒരുക്കി പാലാ മരിയസദനം. ഹോം എഗൈന്‍ എന്ന പദ്ധതിയുടെ ഭാഗമായി അഭയകേന്ദ്രത്തിന് പുറത്താണ് വീട് ഒരുക്കിയത്. മാനസികാരോഗ്യം വീണ്ടെടുത്ത അഭയകേന്ദ്രത്തിലെ അന്തേവാസികളെ പുനഃരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പാലാ നഗരസഭ പരിധിയിലെ പുതിയ വീടിന് ഡെകോമയെന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജാണ് വീട് തുറന്നുനല്‍കിയത്. അനാഥരായ നാനൂറിലധികം പേരെയാണ് മരിയസദന് സംരക്ഷിക്കുന്നത്.
രോഗവിമുക്തി നേടിയിട്ടും വീട്ടുകാർ കൂട്ടിക്കൊണ്ടു പോകാത്തവരെയാണ് പുതിയ വീട്ടില്‍ പുനഃരധിവസിപ്പിക്കുന്നത്. ഒരു വീട്ടില്‍ നാലോ അഞ്ചോ പേരെയാണ് താമസിപ്പിക്കുക. അഭയകേന്ദ്രത്തിലെ മുറികളിലെ ജീവിതത്തില്‍ നിന്ന് കുടുംബാന്തരീക്ഷത്തിലേക്ക് ഇവരെ എത്തിക്കുക കൂടിയാണ് ഉദ്ദേശം.