കണ്ണൂർ : കണ്ണൂർ സർവ്വകലാശാല പഠന ബോർഡ് നിയമനപ്പട്ടിക തിരിച്ചയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അയോഗ്യരായവരെ മാറ്റി നിയമിക്കണമെന്ന നിർദേശം നൽകിയ ഗവർണർ പട്ടിക തിരുത്തി നൽകണമെന്നും ആവശ്യപ്പെട്ടു. 72 പഠന ബോർഡുകളിലെ 800 ൽ പരം അംഗങ്ങളിൽ 68 പേർക്ക് യോഗ്യത ഇല്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണ്ണർക്ക് പരാതി നൽകിയിരുന്നു. സീനിയോറിറ്റി മറികടന്ന് അധ്യാപകരെ നിയമിച്ചുവെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു. ബോർഡ് നിയമനത്തിൽ തുടർച്ചയായി സർവ്വകലാശാല തിരിച്ചടി നേരിടുകയാണ്. ക്രമവിരുദ്ധമായുള്ള നിയമനം റദ്ദാക്കാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നീട് വേണ്ടത്ര തിരുത്തലുകൾ വരുത്താതെ നിയമനത്തിന് വിസി ഗവർണ്ണറോട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ശുപാർശ ചെയ്യാൻ മാത്രമാണ് വിസിക്ക് അധികാരം എന്ന് കാണിച്ചായിരുന്നു രാജ്ഭവൻറെ അന്നത്തെ മറുപടി.
കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട നിയമന തർക്കങ്ങളിലൊന്നിൽ നിന്നും ഒട്ടും പിന്നോട്ടില്ലെന്ന നിലപാടാണ് ഗവർണർക്ക്. കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കലാപ കലുഷിതമായ അന്തരീക്ഷം ഉടലെടുത്തത് ഗവർണർ നിലപാട് കടുപ്പിച്ചതോടെയായിരുന്നു. പ്രിയ വർഗീസിന്റെ നിയമനം ചട്ടം ലംഘിച്ചാണെന്ന് വ്യക്തമാക്കി ഗവർണർ നിയമനം സ്റ്റേ ചെയ്തു. ഇതോടെ വിഷയം കോടതി കയറി. പ്രിയയുടെ നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി നിലവിൽ അടുത്ത മാസം 20 വരെ നീട്ടിയിരിക്കുകയാണ്. അവധിയെടുത്ത് പ്രിയ വർഗീസ് നടത്തിയ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നാണ് യുജിസി രേഖാമൂലം ഹൈക്കോടതിയെ അറിയിച്ചത്.
സ്റ്റുഡന്റ് ഡയറക്ടർ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ യോഗ്യതയായി കണക്കാക്കാൻ കഴിയുള്ളൂ. സർവ്വകലാശാല ചട്ടം അനുസരിച്ച് സ്റ്റുഡന്റ് ഡീൻ അനധ്യാപക തസ്തികയാണ്. സത്യാവങ്മൂലം പരിശോധിച്ച കോടതി പ്രിയ വർഗീസിനോട് അടുത്ത മാസം 20 നുള്ളിൽ മറുപടി നൽകാൻ നിർദ്ദേശം നൽകി. അതുവരെ നിയമനത്തിനുള്ള സ്റ്റേ തുടരും.