KeralaNEWS

വെള്ളിയാഴ്ച 134 ബസുകള്‍ക്കെതിരേ നടപടി; 2.16 ലക്ഷം രൂപ പിഴ ഈടാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 134 ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയമ ലംഘനം നടത്തുന്ന ബസുകളെ പിടികൂടുന്നതിന് സംസ്ഥാനത്ത് ഓപ്പറേഷന്‍ ഫോക്കസ് ത്രീ നടത്തുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത് അറിയിച്ചിരുന്നു. പിന്നാലെയാണ് വ്യാപക പരിശോധന നടന്നത്. ഏഴ് മുതല്‍ 16 വരെയാണ് ഓപ്പറേഷന്‍ ഫോക്കസ് ത്രീ എന്ന പേരില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്.

നിയമ ലംഘനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ വിവിധ ജില്ലകളില്‍ നടപടി ആരംഭിച്ചു. 11 ബസുകള്‍ സ്പീഡ് ഗവര്‍ണറില്‍ കൃത്രിമം കാണിച്ചു. 18 ബസുകളില്‍ അനുവദനീയമല്ലാത്ത ലൈറ്റുകള്‍ കണ്ടെത്തി. 2.16 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി.

Signature-ad

എറണാകുളം കാക്കനാട് 20 ടൂറിസ്റ്റ് ബസുകള്‍ക്ക് പിഴയിട്ടു. ആലപ്പുഴയില്‍ 36 ബസുകള്‍ക്കെതിരേ നടപടിയെടുത്തു. കണ്ണൂരിലും പരിശോധന ശക്തമാക്കി. ഇടുക്കി വണ്ടിപ്പെരിയാറില്‍ 13 ബസുകള്‍ക്കെതിരേ നടപടിയെടുത്തു. ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും കാതടിപ്പിക്കുന്ന എയര്‍ഹോണുകളും നമ്പര്‍ പ്ലേറ്റുകള്‍ മറച്ച നിലയിലുമാണ് കണ്ടെത്തിയത്.

നികുതിയടക്കാതെയും ബസുകള്‍ യാത്ര ചെയ്യുന്നുണ്ട്. കാക്കനാട് എത്തിയ നാല് ബസുകളില്‍ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലാണ്. ബസുകളില്‍ ലേസര്‍ ലൈറ്റുകളും ഭീമന്‍ സബ് വൂഫറുകളും സ്മോക് മെഷീനുകളും ഘടിപ്പിച്ചിട്ടുണ്ട്.

ബസുകളുടെ യാത്ര കഴിഞ്ഞാല്‍ ഇവ പൂര്‍ണമായി നീക്കംചെയ്യാന്‍ നിര്‍ദേശമുണ്ട്. കുറ്റം ആവര്‍ത്തിച്ചാല്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കും. കോണ്‍ട്രാക്ട് കാര്യേജുകളില്‍ അനധികൃത രൂപമാറ്റം, അമിത വേഗത, സ്പീഡ് ഗവര്‍ണറുകളില്‍ കൃത്രിമം, ലൈറ്റുകള്‍, ഡാന്‍സ് ഫ്ലോര്‍, അമിതശബ്ദ സംവിധാനം മുതലായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും.

Back to top button
error: