ബി.ജെ.പിയുടെ പരാതി, പോലീസിന്റെ റിപ്പോര്‍ട്ട്; സിദ്ദിഖ് കാപ്പന് ഐക്യദാര്‍ഢ്യ സദസ് റദ്ദാക്കി
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങള്‍ വൈകിട്ട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സിദ്ദിഖ് കാപ്പന് ഐക്യദാര്‍ഢ്യ സദസ് റദ്ദാക്കി. സംഘര്‍ഷ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. പരിപാടിക്കെതിരേ ബി.ജെ.പി പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. നിരോധിത തീവ്രവാദ സംഘടനകളെ വെളളപൂശാനുളള ഇത്തരം സമ്മേളനങ്ങള്‍ നിയമവിരുദ്ധമാണെന്നും പോലീസ് ഇടപെട്ട് തടയണമെന്നും ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വിഷയം ഡി.ജി.പിയുടേയും എന്‍.ഐ.എയുടേയും ശ്രദ്ധയില്‍ പെടുത്തുകയും പങ്കെടുക്കുമെന്ന് പറഞ്ഞിരുന്ന എം.കെ. രാഘവനടക്കമുളള ജനപ്രതിനിധികളോടും സമ്മേളനത്തിന്റെ അപകടം അറിയിച്ചുവെന്നും സജീവന് പറഞ്ഞു.
ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ, ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബര്‍ 6 നാണ് കാപ്പനെ അറസ്റ്റു ചെയ്തത്. സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും കാപ്പന് ലഖ്നൗവിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങാനായില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കേസ് നിലനില്‍ക്കുന്നതിനാലാണ് മോചനം അസാധ്യമായത്. ഹത്രാസ് സംഭവത്തിന് പിന്നാലെ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. സിദ്ദിഖ് കാപ്പന് ഉള്‍പ്പെടെ നാലുപേര്‍ ഇതിനായി നിയോഗിക്കപ്പെട്ടുവെന്നുവെന്നാണ് ആരോപണം.