ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയിലെ നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ഒമാന്‍ സെന്‍ട്രല്‍ ബാങ്കുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ഇന്ത്യയിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്ന റൂപേ കാര്‍ഡുകള്‍ ഒമാനിലെ എല്ലാ ഒമാന്‍നെറ്റ് എടിഎമ്മുകളിലും, സ്വൈപിങ് മെഷീനുകളിലും, ഓണ്‍ലൈന്‍ വെബ്സൈറ്റുകളും സ്വീകരിക്കും. ഒപ്പം ഒമാനിലെ ബാങ്കുകള്‍ നല്കുന്ന കാര്‍ഡുകള്‍ ഇന്ത്യയില്‍ നാഷണല്‍ പേയ്മെന്റ് കോര്പേറേഷന് ഓഫ് ഇന്ത്യയുടെ നെറ്റ്വര്ക്കുകളില് സ്വീകരിക്കുകയും ചെയ്യുമെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു. യുപിഐ സംവിധാനത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പണമിടപാടുകള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള സഹകരണവും ധാരണാപത്രത്തില്‍ ഉള്‍ക്കൊള്ളുന്നു.
ഇരു രാജ്യങ്ങളിലെ പേയ്മെന്റ് കാര്‍ഡുകള്‍ പരസ്പരം സ്വീകരിക്കുന്നത് പ്രവാസികള്‍ക്കും ഒപ്പം ഇരു രാജ്യങ്ങളും സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്കും ഉള്‍പ്പെടെ പ്രയോജനപ്രദമായിരിക്കും. ഇതിന് പുറമെ പണമിടപാടുകളില്‍ യുപിഐ സംവിധാനം ഉപയോഗപ്പെടുത്താനുള്ള നീക്കം ഒമാനില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് സഹായകമായി മാറും. 2022 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6.78 ബില്യന്‍ ഇടപാടുകളാണ് ഇന്ത്യയുടെ യുപിഐ പ്ലാറ്റ്ഫോം വഴി നടന്നത്. 11.16 ട്രില്യന്‍ രൂപയിലധികം ഇങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടു.