യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമം; 22കാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍
റായ്ഗഡ്: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. 22കാരനായ സന്തോഷ് യാദവ്, പ്രായപൂര്‍ത്തിയാകാത്ത ബന്ധു എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. ലൈലുംഗ ഏരിയയിലെ ഖലാഘിയ ഗ്രാമത്തിന് സമീപത്ത് നിന്ന് മുഖത്ത് ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റായ്ഗഡ് ജില്ലാ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിക്കുകയായിരുന്നു. എ.എസ്.പി അഭിഷേക് വര്‍മ അറിയിച്ചു.
ഒക്ടോബര്‍ 17 രാത്രിയില്‍ ജഷ്പൂര്‍ ജില്ലയിലെ പഥല്ഗോനില് നിന്ന് വീട്ടിലേക്ക് പോകാന്‍ പ്രതിയുടെ ബൈക്കിലാണ് യുവതി സഞ്ചരിച്ചത്. എന്നാല്‍, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയ യാദവ് യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.
പീഡിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പ്രായപൂര്‍ത്തിയാകാത്തയാള്‍ യുവതിയുടെ മുഖത്ത് ഭാരമുള്ള ഉരുക്ക് ബ്രേസ് ലെറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതിക്ക് ബോധം നഷ്ടമാകുന്നത്. പീഡനത്തിന് ഇരയായ 40കാരി സംസ്ഥാന റൂറല്‍ ലൈവ്ലിഹുഡ് മിഷനിലെ ജീവനക്കാരിയാണ്. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.