തലശ്ശേരി: അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു.
ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിയുടെ അന്ത്യ വിശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്.
കോടിയേരിയുടെ സംസ്കാരത്തിന് ശേഷമുള്ള, തന്റെ പ്രസംഗം മുഴുവിപ്പിക്കാനാവാതെ തൊണ്ടയിടറിയ പിണറായി വിജയൻ കരച്ചിലിന്റെ വക്കോളമെത്തിയപ്പോഴാണ് തിരികെ കസേരയിലേക്ക് വന്നിരുന്നത്. ഇത്രയധികം ദുഖിതനായ പിണറായിയെ ഇതാദ്യമായാണ് ജനങ്ങൾ കാണുന്നത്. ചെറുപ്പകാലം മുതൽ ഇന്നുവരെ ഒന്നിച്ച് പ്രവർത്തിച്ച പ്രിയ സഖാവിനെയാണ്, കോടിയേരിയുടെ വിയോഗത്തിലൂടെ മുഖ്യമന്ത്രിക്ക് നഷ്ടമാവുന്നത്. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകുന്നത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോടിയേരിയുടെ സംസ്കാരത്തിന് ശേഷം വളരെ വികാരഭരിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച ഒരുമണിയോടെയാണ് എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്നാരംഭിച്ച വിലാപയാത്ര കടന്നുപോയ വഴികളിലാകെ പതിനായിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കാത്തുനിന്നത്.