തലശ്ശേരി: തന്റെ പ്രിയപ്പെട്ട സഖാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന്‍ എത്തി. തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം അവസാനമായി കണ്ട് അന്തിമോപചാരം അര്‍പ്പിക്കാനാണു പുഷ്പന്‍ എത്തിയത്. തളര്‍ന്നു കിടക്കുന്ന പുഷ്പനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എടുത്തുകൊണ്ടുവന്നാണു കോടിയേരിയെ കാണിച്ചത്.
പുഷ്പന്‍ എത്തിയപ്പോള്‍ വികാരനിര്‍ഭര രംഗങ്ങള്‍ക്കാണ് ടൗണ്‍ഹാള്‍ സാക്ഷ്യം വഹിച്ചത്. കിടന്ന കിടപ്പില്‍ പുഷ്പന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചപ്പോള്‍ മുദ്രാവാക്യങ്ങളുമായാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ അതിനോട് അണിചേര്‍ന്നത്. ആയിരക്കണക്കിന് ആളുകളാണ് കോടിയേരിയെ അവസാനമായി കാണാന്‍ ടൗണ്‍ഹാളിലേക്ക് എത്തിയത്.
കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രീയഭേദമന്യേ നേതാക്കളെല്ലാം ഒഴുകിയെത്തി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. കോടിയേരിക്ക് പുഷ്പചക്രം സമര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ.പി. ജയരാജന്‍, എം.വി. ഗോവിന്ദന്‍ എന്നിവര്‍ അടക്കമുള്ള സി.പി.എം നേതാക്കളുമായി സുധാകരന്‍ സംസാരിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും കോടിയേരിക്ക് അന്ത്യാഞ്ജിലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തി. മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസും ടൗണ്‍ഹാളിലെത്തി കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ആര്‍.എം.പി നേതാവ് കെ.കെ. രമ എം.എല്‍.എയും ടൗണ്‍ഹാളിലെത്തി കോടിയേരിക്കു യാത്രാമോഴിയേകി.