മല്ലികാര്‍ജുന്‍ ഖര്‍ഗെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയാകും; വാസ്നിക്കും തിവാരിയും മത്സരത്തിനെന്ന് സൂചന
ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് പിന്തുണയോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായി. എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കുണ്ട്. ആന്റണി ഖര്‍ഗെയുടെ പത്രികയില്‍ ഒപ്പിട്ടു. പ്രമോദ് തിവാരി, പി.എല്‍.പുനിയ, താരിഖ് അന്‍വര്‍ തുടങ്ങിയ നേതാക്കള്‍ ഖര്‍ഗെയുടെ വസതിയിലെത്തി. ജി 23 നേതാക്കളില്‍ ചിലരുടെ പിന്തുണയും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കുണ്ട്. ഇതോടെയാണ് ഖര്‍ഗെയെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.
അതിനിടെ, ജി 23-ന്റെ സ്ഥാനാര്‍ഥിയായി മനീഷ് തിവാരി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുകുള്‍ വാസ്‌നിക്കിനെ പരിഗണിക്കുന്നതായും സൂചനയുണ്ട്. തങ്ങളിലൊരാളായ മനീഷ് തിവാരി മത്സരിക്കണോയെന്ന് തീരുമാനിക്കാന്‍ ജി-23 നേതാക്കള്‍ ഇന്നു യോഗം ചേരും. പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്നാണ്.
കഴിഞ്ഞ രാത്രിയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പേര് ഉയര്‍ന്നുവന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിനെ മത്സരിപ്പിക്കാനായിരുന്നു ഹൈക്കമാന്‍ഡ് ആലോചിച്ചിരുന്നത്. എന്നാല്‍ ദിഗ്വിജയ് സിങ്ങിന് പിന്തുണ കുറവാണെന്നു കണ്ടതോടെയാണ് അന്വേഷണം ഖര്‍ഗെയിലെത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ വലിയ പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് ദിഗ്വിജയ് സിങ്ങിനെ പരിഗണിക്കുകയായിരുന്നു. എന്നാല്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്തെത്തിയതോടെ ദിഗ്വിജയ് സിങ് മത്സരത്തില്‍ നിന്നും പിന്‍മാറുമെന്നാണ് വിവരം. ഖര്‍ഗെ മത്സരിച്ചാല്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് പദവി രാജിവച്ചേക്കും. ഒരാള്‍ക്ക് ഒരു പദവി നയത്തില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുകയാണ്.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് മുന്‍പായി ശശി തരൂര്‍ പത്രിക സമര്‍പ്പിക്കും. വൈകാതെ ഖര്‍ഗെയും പത്രിക നല്‍കും. ഖര്‍ഗെയോട് മത്സരത്തിനിറങ്ങാന്‍ കഴിഞ്ഞ രാത്രിയാണ് കെ.സി.വേണുഗോപാല്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. എന്നാല്‍ ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ഥികളില്ലെന്നു കെ.സി.വേണുഗോപാല്‍ പറഞ്ഞു.