അബുദാബി: യുഎഇയില്‍ കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ അറിയിപ്പ് പ്രകാരം അടച്ചിട്ടതും തുറന്നതുമായ പൊതു സ്ഥലങ്ങളിലൊന്നും ഇനി മുതല്‍ മാസ്ക് ധരിക്കേണ്ടതില്ല. എന്നാല്‍ മൂന്ന് സ്ഥലങ്ങളെ മാത്രം പുതിയ ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആശുപത്രികളും മെഡിക്കല്‍ സ്ഥാപനങ്ങളും, പള്ളികള്‍, ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളിലാണ് പുതിയ ഇളവുകള്‍ ബാധകമല്ലാത്തത്. ഇവിടങ്ങളില്‍ പഴയതുപോലെ തന്നെ പൊതുജനങ്ങള്‍ മാസ്കുകള്‍ ധരിക്കണം. എന്നാല്‍ മാളുകള്‍, റസ്റ്റോറന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലൊന്നും ഇനി മാസ്ക് നിര്‍ബന്ധമല്ല. അതേസമയം ഭക്ഷണ വിതരണം നടത്തുന്നവര്‍, കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവര്‍, കൊവിഡ് രോഗബാധ സംശയിക്കപ്പെടുന്നവര്‍ എന്നിവരും മാസ്ക് ധരിക്കേണ്ടതുണ്ട്.
വേഗത്തില്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗങ്ങളിലുള്ളവര്‍ തുടര്‍ന്നും മാസ്ക് ധരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ താമസക്കാരും സന്ദര്‍ശകരും ഇക്കാര്യം ശ്രദ്ധിക്കണം. പ്രായമായവര്‍, ഗുരുതരമായ രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍പെടുന്നത്. വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്ക് ധരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാനുള്ള അധികാരം വിമാനക്കമ്പനികള്‍ക്ക് തന്നെ നല്കി.
യാത്രക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ലെന്നും ആവശ്യക്കാര്‍ മാത്രം ധരിച്ചാല്‍ മതിയെന്നും ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈ ദുബൈയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ യാത്രക്കാര്‍ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണെങ്കില്‍ മാസ്ക് ധരിക്കണം. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഇളവുകളൊന്നും കൂടുതല്‍ അറിയിപ്പുകള് സമയാസമയങ്ങളില്‍ നല്‍കുമെന്നും യുഎഇ സര്‍ക്കാര്‍ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചു.