PravasiTRENDING

ഒമാനില്‍ പ്രവാസി വാഹനമിടിച്ച് മരിച്ചു, ഒരാള്‍ക്ക് പരിക്ക്; വാഹനം നിര്‍ത്താതെ പോയ ഡ്രൈവര്‍ അറസ്റ്റില്‍

മസ്‍കത്ത്: ഒമാനില്‍ രണ്ട് പ്രവാസികളെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനമിടിച്ച് ഗുരുതരമായ പരിക്കേറ്റ പ്രവാസികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ചികിത്സയിലാണ്. അപകടത്തില്‍ മരിച്ചയാളും പരിക്കേറ്റയാളും ഏഷ്യക്കാരായ പ്രവാസികളാണെന്ന് മാത്രമാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

രണ്ട് പ്രവാസികളെ ഇടിച്ചിട്ട ശേഷം വാഹനവുമായി അപകട സ്ഥലത്തു നിന്ന് മുങ്ങിയ വ്യക്തിയെ നോര്‍ത്ത് അല്‍ ശര്‍ഖിയ പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തെന്നും സംഭവത്തില്‍ ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്‍താവന പറയുന്നു.

ഖത്തറിലെ സജീവ പൊതുപ്രവര്‍ത്തകന്‍ കൂടിയായ പ്രവാസി മലയാളി കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി സുബൈല്‍ അല്‍ കൗസരിയാണ് (സുബൈര്‍ മൗലവി – 56) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മുഹമ്മദ് ബിന്‍ അബ്‍ദുല്‍ വഹാബ് പള്ളിയ്ക്ക് സമീപത്തുവെച്ചുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.

പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ അദ്ദേഹത്തെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ഖത്തറില്‍ മതാര്‍ഖദീമില്‍ ഏബിള്‍ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അദ്ദേഹം, ഖത്തര്‍ സോഷ്യല്‍ ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു.

Back to top button
error: