ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറച്ച് ശശി തരൂര്‍ എം പി. രാഹുൽ ഗാന്ധിയുമായി രാവിലെ സംസാരിച്ചത് പുറത്ത് പറയാനാവില്ല. മത്സരിക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഏതെങ്കിലും ഔദ്യോഗിക സ്ഥാനാർത്ഥി ഉള്ളതായി രാഹുൽ ഗാന്ധി പറഞ്ഞില്ല. ആർക്കും മത്സരിക്കാമെന്ന ഗാന്ധി കുടുംബത്തിൻ്റെ നിലപാട് സന്തോഷം തരുന്നതാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. 30ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിൽ കോൺഗ്രസ് ഭരണം തുടരുമെന്നും പ്രശ്നങ്ങൾ എഐസിസി പരിഹരിക്കുമെന്നും ശശി തരൂർ അറിയിച്ചു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള അശോക് ഗെലോട്ടിന്റെ സാധ്യതകള്‍ മങ്ങിയതോടെ ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്നത് മുതിര്‍ന്ന നേതാവായ കമല്‍നാഥിലേക്കാണ്. എന്നാല്‍ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിച്ച കമല്‍ നാഥിന്റെ പേര് വീണ്ടും അധ്യക്ഷ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമല്‍നാഥ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് കമല്‍നാഥ് വ്യക്തമാക്കി. സോണിയ ഗാന്ധിയെ കമല്‍ നാഥ് നിലപാട് അറിയിച്ചെന്നാണ് സൂചന.