ന്യൂഡെൽഹി: ഈ ആഴ്ച അവലോകനത്തിന് ശേഷം പ്രകൃതി വാതക വില സർവകാല റെകോർഡിലെത്തുമെന്ന് കരുതുന്നു. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഗ്യാസിന്റെ വില തീരുമാനിക്കുന്നത് സർക്കാരാണ്. ഒക്ടോബർ ഒന്നിന് ഗ്യാസ് നിരക്ക് വീണ്ടും പരിഷ്കരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. രാജ്യത്ത് സി.എൻ.ജി (Compressed Natural Gas), പി.എൻ.ജി (Piped Natural Gas) വില 10 മുതൽ 11 ശതമാനം വരെ വർധിച്ചേക്കും.
2019 ഏപ്രിലിന് ശേഷം ഇത് മൂന്നാം തവണയാണ് പ്രകൃതി വാതക വില ഉയരുന്നത്. ഓരോ ആറുമാസം കൂടുമ്പോഴും (ഏപ്രിൽ ഒന്ന്, ഒക്ടോബർ ഒന്ന്) ഗ്യാസിന്റെ വില സർക്കാർ നിശ്ചയിക്കുന്നു. യു.എസ്, കാനഡ, റഷ്യ തുടങ്ങിയ വാതക സംഭരണ രാജ്യങ്ങളുടെ കഴിഞ്ഞ വർഷത്തെ നിരക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ വില ത്രൈമാസ ഇടവേളകളിൽ നിർണയിക്കുന്നത്.
അത്തരം സാഹചര്യത്തിൽ, ഒക്ടോബർ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിലെ ഗ്യാസിന്റെ വില 2021 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള വിലയുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കും. അക്കാലത്ത് ഗ്യാസ് വില ഉയർന്നതായിരുന്നു.
ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില പുനഃപരിശോധിക്കാൻ സർക്കാർ ഒരു സമിതിയെ നിയോഗിച്ചിരുന്നു. പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച്, ആസൂത്രണ കമ്മീഷൻ മുൻ അംഗം കിരിത് എസ് പരേഖിന്റെ നേതൃത്വത്തിലുള്ള സമിതിയോട് അന്തിമ ഉപഭോക്താക്കൾക്ക് വാതകത്തിന് ‘ ന്യായവില നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് പ്രൊഡ്യൂസർ അസോസിയേഷനുകളും ഒ.എൻ.ജി.സി, ഓയിൽ ഇൻഡ്യ ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികളും അടങ്ങുന്നതാണ് കമ്മിറ്റിയെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. ഈ മാസം അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കാലതാമസം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.