റിയാദ്: സൗദി അറേബ്യയുടെ 92-ാം ദേശീയദിനാഘോഷത്തിന് നാളെ കൊടിയിറങ്ങും. ഇത്തവണ ചരിത്രം സൃഷ്ടിച്ച ആഘോഷമാണ് രാജ്യമെമ്പാടും ഒരാഴ്ചയായി അരങ്ങേറിയത്. വെടിക്കെട്ടും വ്യോമ, നാവിക പ്രകടനങ്ങളും സേനാപരേഡുകളും സാംസ്‌കാരിക, സംഗീത പരിപാടികളും സ്ത്രീപുരുഷ ഭേദമന്യേ സ്വദേശി വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ രാജ്യനിവാസികളും ആസ്വദിക്കാന്‍ രംഗത്തിറങ്ങി. ‘ഇത് നമ്മുടെ വീടാണ്’ എന്നതായിരുന്നു ഇത്തവണത്തെ ആപ്തവാക്യം.
രാജ്യത്തെ 18 നഗരങ്ങളിലാണ് വിവിധതരം കരിമരുന്ന് പ്രയോഗങ്ങളിലൂടെ ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്തത്. പ്രധാന പരിപാടികളിലൊന്നായിരുന്നു വെടിക്കെട്ട്. ദേശീയ ദിനമായ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് വെടിക്കെട്ട് ആരംഭിച്ചത്. അഞ്ച് മുതല്‍ 15 മിനുറ്റ് വരെ നീണ്ടുനിന്നു മാനത്ത് മാരിവില്ലഴക് വിരിയിച്ച കമ്പക്കെട്ട്. മാനത്ത് ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ പൊട്ടിവിരിഞ്ഞു. പൂവാടികള്‍ വിരിഞ്ഞുനിറഞ്ഞു. പച്ച വസ്ത്രം ധരിച്ചും സൗദി പതാക ഉയര്‍ത്തിയും ‘ഇത് ഞങ്ങളുടെ വീടാണ്’ എന്ന എന്നെഴുതിയ ബാനറുകള്‍ വഹിച്ചും നിരവധി കുടുംബങ്ങളും കുട്ടികളും വിവിധ നഗരങ്ങളിലെ വെടിക്കെട്ടുകള്‍ കാണാനെത്തിയിരുന്നു.
രാജ്യചരിത്രത്തിലെ വലിയ വ്യോമ നാവിക പ്രകടനങ്ങള്‍ക്കാണ് പ്രധാന നഗരങ്ങളും തീരപ്രദേശ ജനവാസകേന്ദ്രങ്ങളും സാക്ഷ്യം വഹിച്ചത്. സൗദിയുടെ കൂറ്റന്‍ പതാകയേന്തിയ നാവികസേനയുടെ അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലുകള്‍ സമുദ്രതീരങ്ങളില്‍ ദേശീയഗാന അകമ്പടിയോടെ ഒഴുകിനടന്നു. ബോട്ടുകളുടെ പരേഡും നയനാനന്ദകരമായി. നേവല്‍ സ്പെഷല്‍ സെക്യൂരിറ്റി ഗ്രൂപ്പിന്റെ ഹെലികോപ്റ്ററുകള്‍ കൂറ്റന്‍ ദേശീയ പതാകയുമായി നീങ്ങിയത് കാണാന്‍ ഖോബാര്‍ ബീച്ചിലും വലിയ ജനസഞ്ചയമാണ് അണിനിരന്നത്.
കുതിരപ്പടയും കാലാള്‍ സൈന്യവും ക്ലാസിക് കാറുകളുടെയും ബാന്‍ഡ് സംഘത്തിന്റെയും അകമ്പടിയോടെ നടത്തിയ പരേഡുകള്‍ വീക്ഷിക്കാന്‍ ത്വാഇഫ്, തബുക്ക്, അബഹ, ജിസാന്‍, സകാക്ക, അറാര്‍, ഹാഇല്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വീഥികളില്‍ സ്ത്രീകളും കുട്ടികളുമടക്കം ജനം തിങ്ങിനിറഞ്ഞു. ദേശീയഗാനങ്ങളും പ്രകീര്‍ത്തന ഗീതങ്ങളും പാരമ്പര്യ നൃത്തവുമായി തദ്ദേശീയര്‍ പരേഡുകള്‍ക്ക് പിന്നാലെ നീങ്ങി. ജിദ്ദയിലെ ജലാശയത്തില്‍ ദേശീയവേഷധാരിയായ അഭ്യാസി ഉയര്‍ന്ന് വളയുന്ന പൊയ്ക്കാലില്‍ സൗദി പാതകയുമേന്തി നടത്തിയ പ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.