HealthLIFE

വണ്ണം കുറയ്ക്കൂ… സമ്മാനമായി 10 ലക്ഷം രൂപയും ഒരു മാസത്തെ ശമ്പളവും… വെയിറ്റ് ലോസ് ചലഞ്ചുമായി മുതലാളി

ഫിറ്റ്‌നസ് സംബന്ധമായ വിഷയങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്ന കാലമാണിത്. പ്രത്യേകിച്ച് കൊവിഡ് കൂടിയെത്തിയതോടെ ആരോഗ്യത്തോടെ ഇരിക്കേണ്ടതിന്റെ ആവശ്യകത ഒട്ടുമിക്കപേരും മനസിലാക്കിയിട്ടുണ്ട്. എന്നാലിതേ കാലയളവില്‍ തന്നെ ശാരീരികമായി ഒതുങ്ങിപ്പോയവരും നിരവധിയാണ്. കൊവിഡ് കാലത്ത് ലോക്ഡൗണ്‍ സമയം, വര്‍ക്ക് ഫ്രം ഹോം എല്ലാം എത്രയോ പേരെയാണ് അലസരാക്കി മാറ്റിയത്.

ചിട്ടയില്ലാത്ത ഭക്ഷണം, ഉറക്കം, ജോലി എന്നിങ്ങനെ ജീവിതരീതികള്‍ ആകെയും മാറിമറിഞ്ഞ് അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥ. ഒരുപാട് പേര്‍ ഈ സമയത്തിനുള്ളില്‍ വണ്ണം വച്ചിട്ടുണ്ട്. പലരും കൊവിഡ് കാലത്ത് കൂടിയ വണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടൊരു സംഭവമാണിപ്പോള്‍ വാര്‍ത്തകളിലൂടെ ശ്രദ്ധേയമാകുന്നത്.

Signature-ad

തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്കായി ഒരു വെയിറ്റ് ലോസ് ചലഞ്ച് നടത്തുകയാണൊരു മുതലാളി. ഇതില്‍ വിജയി ആയി വരുന്ന ആള്‍ക്ക് നല്ലൊരു തുക സമ്മാനമായും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ ബ്രോക്കറേജ് കമ്പനിയായ സെരോദയുടെ സിഇഒ നിതിന്‍ കാമത്ത് ആണ് വ്യത്യസ്തമായ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 10 ലക്ഷം രൂപയാണ് സമ്മാനം. സമ്മാനത്തുകയ്‌ക്കൊപ്പം തന്നെ ബോണസ് നല്‍കുന്ന കാര്യവും സിഇഒ അറിയിച്ചിട്ടുണ്ട്. അതായത്, വെയിറ്റ് ലോസ് ചലഞ്ചില്‍ ജേതാക്കളാകുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കുമെന്ന്. സോഷ്യല്‍ മീഡിയയിലൂടെയാണ് കാമത്ത് ഈ ചലഞ്ചിനെ കുറിച്ച് പങ്കുവച്ചത്.

ദിവസത്തില്‍ 350 കലോറിയെങ്കിലും എരിച്ചുകളയുകയാണ് ലക്ഷ്യം. ഫിറ്റ്‌നസ് ട്രാക്കറുപയോഗിച്ച് ഇത് ട്രാക്ക് ചെയ്യാം. വര്‍ക്ക് ഫ്രം ഹോം കാലത്ത് ദീര്‍ഘനേരം ഇരിക്കുകയെന്നത് പുകവലി പോലെ ദുശ്ശീലമായി വളര്‍ന്നിരിക്കുന്നുവെന്നും വര്‍ക്ക് ഫ്രം ഹോം സമയങ്ങളിലും ജീവനക്കാരെ പരമാവധി കായികമായി സജീവമാക്കാന്‍ കമ്പനി ശ്രമിച്ചിരുന്നുവെന്നും കാമത്ത് പറഞ്ഞു.

Back to top button
error: