റിയാദ്: സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് സംഘര്‍ഷത്തിലേര്‍പ്പെട്ട എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദി പൗരന്മാരാണ് അറസ്റ്റിലായത്. ഈ മാസം ഇത്തരത്തിലുള്ള രണ്ടാമത്തെ അറസ്റ്റാണിത്.അല്‍ നൈരിയ പ്രവിശ്യയിലെ പൊതുസ്ഥലത്താണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സൗദിയിലെ ഒരു പാര്‍ക്കില്‍ കാല്‍നടയാത്രക്കാരെ ശല്യം ചെയ്ത 17 പേരെ പൊലീസ് പിടികൂടിയിരുന്നു. പൗരന്മാരും താമസക്കാരും ഉള്‍പ്പെടെയാണ് പിടിയിലായത്. ഹഫ് ര്‍ അല്‍ ബാതിന് പൊലീസാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനങ്ങളില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.