LocalNEWS

ക്രൈംബ്രാഞ്ച് എസ്‌.ഐ ചമഞ്ഞ് നാടുനീളെ കല്യാണം, ഭാര്യയുമൊത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സിൽ താമസം; മലപ്പുറത്ത് വിവാഹവീരന്‍ പിടിയിലായി

ക്രൈംബ്രാഞ്ച് എസ്‌.ഐ ചമഞ്ഞ് പലയുവതികളെ വിവാഹം കഴിച്ച തട്ടിപ്പുവീരന്‍ പിടിയില്‍. മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി പറത്തോടത്ത് വീട്ടില്‍ സൈതലവി(44) ആണ് പിടിയിലായത്. അടുത്തിടെ വിവാഹം കഴിച്ച ഒരു യുവതിയുമൊത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോഴാണ് പ്രതി പിടിയിലായത്.

കുറ്റിപ്പുറം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ പരിശോധനക്കിടയിലാണ് ഇയാള്‍ വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ച് എസ്. ഐ ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ വിവാഹം കഴിച്ചത്. ഒരു മാസത്തിലധികമായി കുറ്റിപ്പുറത്തെ ക്വാര്‍ട്ടേഴ്‌സിലാണ് ഇരുവരും താമസിച്ചു വന്നത്.

Signature-ad

ബുധനാഴ്ച വൈകിട്ട് പരിശോധനക്കായി കുറ്റിപ്പുറം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ഇയാള്‍ എസ്‌.ഐയുടെ യൂണിഫോമാണ് ധരിച്ചിരുന്നത്. പൊലീസുകാരോട് ചെന്നൈ പൊലീസില്‍ ആണെന്ന് ഇയാള്‍ ആദ്യം പറഞ്ഞു. തുടര്‍ന്ന് സിഐ ഉള്‍പ്പെടെ എത്തി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് പല തട്ടിപ്പു കേസുകളിലും പ്രതിയാണ് സൈതലവി എന്ന് മനസിലായത്. ഇയാളില്‍ നിന്നും നിരവധി എ.ടി.എം കാര്‍ഡുകളും സിം കാര്‍ഡുകളും പൊലീസ് കണ്ടെടുത്തു.

കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ 2017 ല്‍ നടന്ന ബലാല്‍സംഗ കേസിലും തട്ടിപ്പു കേസിലും സൈതലവിക്കെതിരെ വാറണ്ട് നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസെത്തി ഇയാളെ തുടര്‍ അന്വേഷണങ്ങള്‍ക്കായി കൊണ്ടുപോയി. സമാനമായ മറ്റൊരു കേസ് നിലമ്പൂര്‍ സ്റ്റേഷനിലും പ്രതിക്കെതിരെയുള്ളതായി പൊലീസ് പറഞ്ഞു. മറ്റു സ്റ്റേഷനുകളില്‍ ഉള്ള കേസുകളെക്കുറിച്ച്‌ വിവരം ശേഖരിച്ചു വരികയാണ്.

Back to top button
error: