CrimeNEWS

ജീവനക്കാരെ മര്‍ദിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സില്‍ യാത്രക്കാരന്റെ പരാക്രമം

ലോസ് ഏഞ്ചല്‍സ്: യാത്രാമധ്യേ വിമാനത്തില്‍ യാത്രക്കാരന്‍െ്‌റ പരാക്രമം. വിമാന ജീവനക്കാരനെ മര്‍ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ആളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ആജീവനാന്ത വിമാനവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. മെക്സികോയിലെ ലോസ് കാബോസില്‍നിന്ന് യു.എസിലെ ലോസ് ഏഞ്ചല്‍സിലേക്ക് പറക്കുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ളൈറ്റ് 377 ലായിരുന്നു സംഭവം. കാലിഫോണിയന്‍ സ്വദേശിയായ അലക്സാണ്ടര്‍ ടുംഗ് ക്യൂലീ (33) ആണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തുകയും ഇത് പിന്നീട് വൈറലാകുകയും ചെയ്തു.

യാത്ര ആരംഭിച്ച് കുറച്ചുസമയത്തിനുള്ളില്‍ വിമാനത്തിനുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യുകയായിരുന്ന അറ്റന്‍ഡന്റിന്റെ തോളത്ത് പിടിച്ച് അലക്സാണ്ടര്‍ കാപ്പി വേണമെന്നാവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഫസ്റ്റ് ക്ലാസ് ക്യാബിന് സമീപത്തെ ഒഴിഞ്ഞ നിരയിലെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. സ്വന്തം സീറ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട അറ്റന്‍ഡന്റിനോട് ഇയാള്‍ മോശമായി പെരുമാറി. പൈലറ്റിനെ വിവരം അറിയിക്കാനായി നടന്നുനീങ്ങിയ അറ്റന്‍ഡന്റിനെ ഇയാള്‍ പിന്നിലൂടെ ചെന്ന് ഇടിച്ചു. ഇടിയേറ്റ് അറ്റന്‍ഡന്റ് മറിഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം.

വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു നീക്കുന്നതുവരെ ഇയാളെ മറ്റൊരു യാത്രക്കാരന്‍ തടഞ്ഞുവെച്ചു. തങ്ങളുടെ ടീം അംഗങ്ങള്‍ക്കെതിരേ നടക്കുന്ന അക്രമമോ അധിക്ഷേപമോ പൊറുക്കാനാവില്ലെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അറ്റന്‍ഡന്റിനെ ആക്രമിച്ച വ്യക്തിക്ക് ഇനിയൊരിക്കലും തങ്ങളുടെ വിമാനത്തില്‍ യാത്ര അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. 20 കൊല്ലം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

 

Back to top button
error: