കേസ് ആയപ്പോൾ കുമ്മനത്തെ രക്ഷിക്കാൻ നീക്കം ,പരാതിക്കാരന് പണം തിരികെ നൽകും
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സാമ്പത്തിക കുറ്റകൃത്യ കേസിൽ പ്രതിയായത് ബിജെപിയ്ക്ക് നാണക്കേടായി .കേസ് എങ്ങിനെയെങ്കിലും ഒതുക്കി തീർക്കാൻ ആണ് ഇപ്പോൾ ശ്രമം .ശബരിമല ദേവപ്രശ്നത്തിൽ അടക്കം പങ്കെടുത്തിട്ടുള്ള ജ്യോതിഷിയായ പരാതിക്കാരൻ പുത്തേഴത്ത് ഇല്ലം സി ആർ ഹരികൃഷ്ണന് പണം തിരികെ നൽകി കേസ് അവസാനിപ്പിക്കാൻ ആണ് ശ്രമം .ന്യൂ ഭാരത് ബയോ ടെക്‌നോളജീസ് ഉടമ വിജയൻ പണം നല്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന.
അതേസമയം കുമ്മനത്തെ കുരുക്കുന്നതാണ് പരാതിക്കാരന്റെ മൊഴി.കുമ്മനത്തിന്റെ സാന്നിധ്യത്തിൽ താൻ പ്രവീണിനെ കണ്ടെന്നും നല്ല കമ്പനിയാണെന്ന് കുമ്മനം അവകാശപ്പെട്ടെന്നും പരാതിക്കാരൻ ഹരികൃഷ്ണൻ മൊഴിയിൽ പറയുന്നു .
ഒക്ടോബർ 12 നാണു പത്തനംതിട്ട എസ്പിയ്ക്ക് പരാതി ലഭിക്കുന്നത് .കേസ് എസ്പി ആറന്മുള പൊലീസിന് കൈമാറി .തുടർന്ന് ബുധനാഴ്ച പരാതിക്കാരനെ വിളിച്ചു വരുത്തി എഴുതി വാങ്ങിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് .
2018 ഫെബ്രുവരിയിൽ ആണ് പ്രവീൺ വീട്ടിലെത്തി കമ്പനിയെ കുറിച്ച് പറയുന്നത് .കുമ്മനം രാജശേഖരന്റെ പി എ എന്നാണ് സ്വയം പരിചയപ്പെടുത്തിയത് .തന്റെ സുഹൃത്ത് വിജയൻ ആരംഭിക്കുന്ന കമ്പനിയിൽ പണം നിക്ഷേപിക്കണം എന്ന് ആവശ്യപ്പെട്ടു .താൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു .എന്നാൽ പ്രവീണും വിജയനും കമ്പനി ജീവനക്കാരൻ സേവ്യറും ചേർന്ന് ഉൽപ്പന്നങ്ങൾ കാട്ടി തന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു .
2018 ഒക്ടോബറിൽ ശബരിമലയിൽ ദേവപ്രശ്‌നം നടക്കുമ്പോൾ അവിടെ വച്ചും ഇക്കാര്യം സംസാരിച്ചു .2018 ഒക്ടോബർ 20 മുതൽ 2020 ജനുവരി 14 വരെയുള്ള കാലയളവിൽ പലതവണയായി 30 .75 ലക്ഷം രൂപ നൽകി .പാർട്ണർഷിപ്പോ പണമോ നല്കാത്തതിനാലാണ് പരാതിയെന്നും ഹരികൃഷ്ണൻ മൊഴിയിൽ വ്യക്തമാക്കുന്നു .
കൊല്ലംകോട് സ്വദേശി വിജയൻ ആണ് ഒന്നാം പ്രതി .കേസിൽ കുമ്മനം രാജശേഖരൻ നാലാം പ്രതിയും ബിജെപി എൻആർഐ സെൽ കൺവീനർ ആയിരുന്ന ഹരികുമാർ അഞ്ചാം പ്രതിയുമാണ് .ഐ പി സി 406 ,420 ,34 വകുപ്പുകൾ ചേർത്താണ് കേസ്.
അതേസമയം കമ്പനിയെ കുറിച്ച് പരാതിക്കാരനോട് സംസാരിച്ചിരുന്നു എന്ന കാര്യം കുമ്മനം സ്ഥിരീകരിക്കുന്നു .പാലക്കാട് കൊല്ലംകോട് സ്വദേശി വിജയൻ പ്ലാസ്റ്റിക്കിനു ബദലായി ബയോ ടെക്‌നോളജിയിൽ വികസിപ്പിച്ചെടുത്ത ഫ്ളക്സ് നിർമ്മിക്കുന്ന കമ്പനി തുടങ്ങാൻ തീരുമാനിച്ചു .പരിസ്ഥിതി സൗഹൃദമായതിനാൽ നല്ലതാണെന്നു മാത്രമാണ് താൻ പരാതിക്കാരനോട് പറഞ്ഞതെന്നാണ് കുമ്മനത്തിന്റെ വിശദീകരണം .എന്നാൽ സാമ്പത്തിക ഇടപാടിൽ തനിയ്ക്ക് അറിവോ പങ്കോ ഇല്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് കുമ്മനത്തിന്റെ നിലപാട് .