പാലക്കാട്: പറമ്പിക്കുളം ഡാമിന്റെ മൂന്നു ഷട്ടറുകളില്‍ ഒന്നിനു തകരാര്‍ സംഭവിച്ചതോടെ ചാലക്കുടിപ്പുഴയില്‍ ശക്തമായ ഒഴുക്ക്. ഇന്നു പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണു ഷട്ടറില്‍നിന്നു വലിയ ശബ്ദം കേട്ടതായി അറിയിച്ചത്. പരിശോധിച്ചപ്പോള്‍ പുഴയിലേക്ക് അപകടകരമായ രീതിയില്‍ വെള്ളം കുത്തിയൊലിക്കുന്നതു ശ്രദ്ധയില്‍പെട്ടു.
ആദിവാസി മേഖലയില്‍ നിന്നുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നുണ്ടെന്ന് പാലക്കാട് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. തുടര്‍ച്ചയായി 20,000 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇതിനെത്തുടര്‍ന്നു തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലെ വെള്ളം പരമാവധി ജലനിരപ്പിലെത്തി.
തൃശൂര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും ചിറ്റൂര്‍ തഹസില്‍ദാര്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഷട്ടര്‍ തകരാര്‍ പെട്ടെന്ന് പരിഹരിക്കാന്‍ തമിഴ്‌നാട് ശ്രമിക്കുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
മുതലമടയിലാണു ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിന്റെ പ്രവര്‍ത്തനവും നിയന്ത്രണവും തമിഴ്‌നാടിനാണ്. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഒരു മാസം മുന്‍പു മൂന്നു ഷട്ടറുകളും 10 സെന്റി മീറ്റര്‍ തുറന്നിരുന്നു. 1825 അടിയാണ് ഡാമിന്റെ സംഭരണശേഷി.
പറമ്പിക്കുളം ഡാമിലെ ഷട്ടര്‍ തകര്‍ന്നതില്‍ പരിഭ്രാന്തി വേണ്ടെന്ന് റവന്യുമന്ത്രി കെ.രാജന്‍. എന്നാല്‍, ജാഗ്രത വേണം. സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം പിന്തുടരണം. രാവിലെ പരിശോധനകള്‍ക്ക് ശേഷമേ തകരാര്‍ പരിഹാരശ്രമങ്ങള്‍ തുടങ്ങൂ. റൂള്‍കര്‍വ് കമ്മിറ്റി ചേരുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.