അഗളി: അട്ടപ്പാടി ചുരത്തില്‍ ഒന്‍പതാംവളവിന് സമീപം അടിതെറ്റിവീണ് കാട്ടാനക്കുട്ടി ചരിഞ്ഞു. അഞ്ചുവയസുള്ള പിടിയാനക്കുട്ടിയാണ് ചരിഞ്ഞത്. മുകളിലത്തെ റോഡില്‍നിന്ന് അടിതെറ്റി പാറയിലൂടെ താഴത്തെറോഡിന് സമീപം പതിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഏഴരയോടെ ഇതുവഴിപോയ ബസിലെ യാത്രക്കാരാണ് കാട്ടാനക്കുട്ടിയെ ചരിഞ്ഞനിലയില്‍ കണ്ടത്. യാത്രക്കാരനായ ഷിബുസിറിയക് ഉടന്‍ വനംവകുപ്പിനെ വിവരമറിയിച്ചു. മണ്ണാര്‍ക്കാട് വനംറേഞ്ച് ഓഫീസര്‍ എന്‍. സുബൈര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്. രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി.
അട്ടപ്പാടി ചുരത്തില്‍ എട്ടാനകളുള്ള കൂട്ടമുണ്ട്. ഈ കൂട്ടത്തിലെ കുട്ടിയാണ് അടിതെറ്റിവീണ് ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണ്ണാര്‍ക്കാട്ടുനിന്ന് ക്രെയിന്‍ കൊണ്ടുവന്ന് ജഡം ലോറിയില്‍ക്കയറ്റി ആനമൂളിയിലുള്ള മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. തൃശ്ശൂരില്‍നിന്നെത്തിയ ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സമീപത്തെ വനത്തില്‍ ദഹിപ്പിച്ചു.