മുംബൈ: സ്കൂളിലെ ലിഫ്റ്റ് ഡോറുകള്‍ക്കിടയില്‍ കുടുങ്ങി 26-കാരിയായ അധ്യാപിക മരിച്ചു. മുംബൈ മലാദിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെ ആറാം നിലയില്‍ നിന്ന് രണ്ടാം നിലയിലുള്ള സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനായിട്ടാണ് ജെനില്‍ ഫെര്‍ണാണ്ടസ് എന്ന അധ്യാപിക ലിഫ്റ്റില്‍ കയറിയത്. അധ്യാപിക കാലെടുത്ത് വെച്ച ഉടന്‍ ലിഫ്റ്റ് അടഞ്ഞു. ജെനില്‍ ഫെര്‍ണാണ്ടസ് ഡോറിനിടയില്പ്പെടുകയും ലിഫ്റ്റ് മുകളിലേക്ക് ചലിക്കുകയും ചെയ്തു.
സ്കൂള്‍ ജീവനക്കാര്‍ ഓടിയെത്തി അധ്യാപികയെ വലിച്ചെടുത്തെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.