ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍പ്രതിസന്ധി കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം യുവജനത ദേശീയ തൊഴിലില്ലായ്മ ദിനമായി രേഖപ്പെടുത്തുമെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നുള്ള പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിനുപരിയായി പിറന്നാള്‍ ദിനത്തില്‍ മോദിയ്ക്ക് കോണ്‍ഗ്രസ് ആയുരാരോഗ്യദൈര്‍ഘ്യം നേര്‍ന്നു.
ആശയപരമായും രാഷ്ട്രീയപരമായും മോദിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസിനെതിരെയുള്ള മോദിയുടെ ശത്രുത ദിനംപ്രതി വര്‍ധിക്കുകയാണെങ്കിലും നമ്മുടെ പ്രധാനമന്ത്രിയുടെ 72-ാം പിറന്നാളിന് ആശംസകള്‍ നേരുന്നതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ജന്മദിനങ്ങള്‍ പ്രത്യേക ദിവസങ്ങളായാണ് ആഘോഷിക്കപ്പെടുന്നതെന്ന് എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു. കുട്ടികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു നല്‍കിയ സ്നേഹത്തിന് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായും ഇന്ദിരാഗാന്ധിയുടെ പിറന്നാള്‍ദിനം സാമുദായികഐക്യദിനമായും രാജീവ്ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാദിവസമായുമാണ് ആഘോഷിക്കുന്നതെന്ന് സുപ്രിയ സുനേത് കൂട്ടിച്ചേര്‍ത്തു.
അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം പോലും ഗുഡ് ഗവേണ്‍നന്‍സ് ഡേയായി ആഘോഷിക്കുമ്പോള്‍ മോദിജിയുടെ ജന്മദിനം മാത്രം ഈ രാജ്യത്തെ യുവജനത ദേശീയ തൊഴിലില്ലായ്മ ദിനമായി ആഘോഷിക്കുന്നത് തനിക്ക് ഏറെ വിഷമവും വേദനയും ഉണ്ടാക്കുന്നതായി സുപ്രിയ പരിഹാസരൂപേണ പറഞ്ഞു. ഇന്ത്യയിലെ തൊഴില്‍പ്രായമുള്ളവരില്‍ 60 ശതമാനം പേരും തൊഴില്‍രഹിതരോ ജോലിചെയ്യാന്‍ താത്പര്യമില്ലാത്തവരോ ആണെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ഷത്തില്‍ രണ്ട് കോടി തൊഴിലവസരങ്ങളാണ് മോദി വാഗ്ദാനം ചെയ്തതെങ്കിലും കഴിഞ്ഞ എട്ട് കൊല്ലത്തിനിടെ ഏഴ് ലക്ഷം പേര്‍ക്ക് മാത്രമാണ് രാജ്യത്ത് തൊഴില്‍ ലഭിച്ചതെന്നും സുപ്രിയ സുനേത് കുറ്റപ്പെടുത്തി. ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സ്ത്രീസമൂഹത്തിനെയാണെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു. ഭരണം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം കൂടിയുണ്ടെന്നും ചരിത്രപുരുഷന്‍മാര്‍ അവര്‍ പണികഴിപ്പിച്ച സ്മാരകസൗധങ്ങളിലൂടെയല്ല മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത നല്ല പ്രവര്‍ത്തനങ്ങളിലൂടെയാണ് സ്മരിക്കപ്പെടുന്നതെന്നും പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.