LocalNEWS

മിന്‍സയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്

കോട്ടയം: ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മരിച്ച നാലുവയസുകാരി മിന്‍സാ മറിയം ജേക്കബിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്. രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം ഉച്ചയോടെ കോട്ടയം ചിങ്ങവനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. വൈകിട്ട് അഞ്ചുമണിയോടെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം വീട്ടുമുറ്റത്ത് സംസ്‌കരിച്ചു.

ചിങ്ങവനത്തെ കൊച്ചുപറമ്പില്‍ വീടിന്റെ പരിസരത്തെല്ലാം മിന്‍സ മറിയം ജേക്കബിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവരുടെ തിരക്കായിരുന്നു. രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരിയില്‍നിന്നു പുറപ്പെട്ട മൃതദേഹം, മകള്‍ ഓടിനടന്ന മുറ്റത്തേക്കു പ്രവേശിച്ചപ്പോള്‍ മൃതദേഹത്തെ അനുഗമിച്ച മാതാപിതാക്കളും കുടുംബാംഗങ്ങളും വിങ്ങിപ്പൊട്ടി. ഇന്നലെ വൈകിട്ടാണ് മൃതദേഹം മാതാപിതാക്കളായ അഭിലാഷ് ചാക്കോയ്ക്കും സൗമ്യയ്ക്കും വിട്ടുകിട്ടിയത്. മകള്‍ വീട്ടുമുറ്റത്ത് തന്നെയുണ്ടാവണമെന്ന പിതാവ് അഭിലാഷ് ചാക്കോയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലെ ചടങ്ങുകള്‍ ഒഴിവാക്കി മിന്‍സയുടെ സംസ്‌കാരത്തിനായി വീട്ടുമുറ്റത്ത് തന്നെ ഇടമൊരുക്കിയത്.

Signature-ad

നാലാം ജന്മദിനാഘോഷം കഴിഞ്ഞ് സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കൊടുവിലായിരുന്നു മിന്‍സയുടെ ദാരുണ മരണം. സ്‌കൂള്‍ ബസില്‍ ഇരുന്നു കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണു ദുരന്തത്തിന് ഇടയാക്കിയത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ കിന്‍ഡര്‍ ഗാര്‍ട്ടന്‍ അടപ്പിക്കാന്‍ ഉത്തരവിട്ടു്. കേസില്‍ ഇതുവരെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.

Back to top button
error: