KeralaNEWS

തൃശൂരിൽ പിക്കപ്പ് വാനിടിച്ച് വിദ്യാര്‍ഥിയും കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവും മരണമടഞ്ഞു

രണ്ടു യുവാക്കൾക്കാണ് വാഹനാപകടത്തിൽ ഇന്ന് ജീവൻ നഷ്ടമായത്. ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പോയ അഭിനവ് കൃഷ്ണ എന്ന വിദ്യാര്‍ഥി തൃശൂരിലും, ബൈക്കുകള്‍ കൂട്ടിയിടിച്ച് സന്ദീപ് എന്ന യുവാവ് കോഴിക്കോട് കൂടരഞ്ഞിയിലും മരണമടഞ്ഞു. ഒല്ലൂര്‍ ചെറുകുന്ന് ഐക്യനഗര്‍ കുന്നത്തുവളപ്പില്‍ സന്തോഷിന്റെ മകനാണ് അഭിനവ് കൃഷ്ണ(കിച്ചു-19). കടയില്‍നിന്ന് കേക്ക് വാങ്ങി സ്‌കൂട്ടറില്‍ പുറപ്പെട്ടപ്പോൾ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു,

ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലച്ചെ മരിച്ചു. സ്‌കൂട്ടറിലിടിച്ച വാന്‍ നിര്‍ത്താതെ പോയി. പിന്നീട് നാട്ടുകാരിലൊരാള്‍ പിന്തുടര്‍ന്ന് മാന്ദാമംഗലത്തുവെച്ച് വാഹനം തടഞ്ഞ് ഡ്രൈവറെ പിടികൂടി സംഭവസ്ഥലത്ത് എത്തിച്ചു. എന്നാല്‍, ഇവിടെനിന്ന് ഒരു റിട്ട. എക്‌സൈസ് ജീവനക്കാരന്‍ ഡ്രൈവറെ സ്വന്തം കാറില്‍ കയറ്റി വീട്ടിലെത്തിച്ചു. പോലീസില്‍ ഹാജരാക്കാതെ ഡ്രൈവറെ രക്ഷപ്പെടുത്തിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. വാന്‍ ഡ്രൈവര്‍ മാന്ദാമംഗലം സ്വദേശി ഹരീഷിനെ പിന്നീട് ഒല്ലൂര്‍ പോലീസ് പിടികൂടി. ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

Signature-ad

പ്ലസ്ടു കഴിഞ്ഞ അഭിനവ് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ ഒന്നാംവര്‍ഷ മറൈന്‍ എന്‍ജിനീയറിങ്ങിന് പ്രവേശനം നേടിയിട്ടുണ്ട്. പുത്തൂരിലെ സുപ്രീം ഡ്രൈവിങ് സ്‌കൂള്‍ ഉടമയാണ് അച്ഛന്‍ സന്തോഷ്. അമ്മ: സ്മിത. സഹോദരി: സ്മിഷ ലക്ഷ്മി ഒറ്റപ്പാലം പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ്.

കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേല്‍ സന്തോഷിന്റെ മകന്‍ സന്ദീപാണ് മരിച്ചത്.സന്ദീപിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന കരാട്ടുപാറ സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടരഞ്ഞി കള്ളുഷാപ്പിന് സമീപത്ത് വച്ചായിരുന്നു ഡ്യൂക്ക് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: