NEWSWorld

തായ്‌വാന് വമ്പന്‍ ആയുധശേഖരം നല്‍കാനൊരുങ്ങി യു.എസ്.

വാഷിങ്ടണ്‍: തായ്വാന് 100 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാനൊരുങ്ങി യു.എസ്. തായ്വാനും ചൈനയും തമ്മിലുള്ള പ്രശ്‌നം വഷളാകുന്നതിനിടെയാണ് യു.എസിന്റെ പുതിയ നീക്കം. യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമെതിരേ ഭീഷണിയുമായി ചൈന രംഗത്തെത്തിയിരുന്നു. ഇത് തള്ളിയാണ് യു.എസ്, തായ്‌വാന് കൂടുതല്‍ സഹായമെത്തിക്കുന്നത്.

മിസൈലുകള്‍ വരുന്നത് മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന റഡാര്‍ സിസ്റ്റങ്ങളും കപ്പലുകളെ മുക്കാന്‍ ശേഷിയുള്ള 60 നൂതന ഹാര്‍പൂണ്‍ മിസൈലുകളുമാണ് നല്‍കുന്നത്.

Signature-ad

ആയുധങ്ങള്‍ തയ്വാന്റെ സുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. അതേമസയം, ആയുധക്കച്ചവടം സാധ്യമാകണമെങ്കില്‍ യു.എസ്. കോണ്‍ഗ്രസിന്റെ അനുമതി കൂടി ആവശ്യമാണ്.

പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം ചൈനയെ രോഷാകുലരാക്കിയിരുന്നു. ദിവസങ്ങളോളം തായ്വാനെ ചുറ്റി മിസൈലുകളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളുമായി കടലിലും ആകാശത്തും സൈനിക അഭ്യാസങ്ങളും ചൈന നടത്തി. തായ്‌വാനെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമായി 21 യുദ്ധവിമാനങ്ങളും നിരവധി യുദ്ധക്കപ്പലുകളും ചൈന വിന്യസിച്ചെന്നാണ് കണ്ടെത്തല്‍. ഇവയില്‍ ചിലതു കടലിടുക്കിലെ അതിര്‍ത്തി ഭേദിച്ചെന്നും തായ്വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനു പിന്നാലെയാണ് തായ്വാന് വന്‍ആയുധ ശേഖരം നല്‍കാന്‍ യു.എസ്. തീരുമാനമായത്.

Back to top button
error: