CrimeNEWS

ദേവസ്വം ബോര്‍ഡിലും ബവ്‌റിജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി കീഴടങ്ങി

മാവേലിക്കര: ദേവസ്വം ബോര്‍ഡിലും ബവ്‌റിജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കബളിപ്പിച്ച കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. ചെട്ടികുളങ്ങര കടവൂര്‍ കല്ലിട്ടകടവില്‍ വി.വിനീഷ് രാജന്‍ (32) ആണ് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ചെട്ടികുളങ്ങര കടവൂര്‍ പത്മാലയം പി.രാജേഷ് (34), പേള പള്ളിയമ്പില്‍ വി.അരുണ്‍ (24), കണ്ണമംഗലം വടക്ക് മാങ്കോണത്ത് അനീഷ് (24) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 24നു വിനീഷിന്റെ കടവൂര്‍കുളത്തിനു സമീപമുള്ള സ്ഥാപനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും വ്യാജരേഖകളും 13 കുപ്പി വിദേശമദ്യവും ഡ്രഗ്‌സ് ലൈസന്‍സ് ഇല്ലാതെ സൂക്ഷിച്ചിരുന്ന മൃഗങ്ങള്‍ക്കുള്ള വിവിധ മരുന്നുകളും പിടിച്ചെടുത്തിരുന്നു.

Signature-ad

വൈക്കം ക്ഷേത്ര കലാപീഠത്തില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് എരുവ സ്വദേശിയില്‍നിന്നു 3.25 ലക്ഷം രൂപ കൈപ്പറ്റിയ സംഘം, കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡിന്റെ വ്യാജ ലെറ്റര്‍പാഡില്‍ വ്യാജ സീല്‍ പതിച്ച് നിയമന ഉത്തരവ് തപാലില്‍ അയച്ചു. നിയമന ഉത്തരവുമായി വൈക്കം ക്ഷേത്ര കലാപീഠത്തിലെത്തിയ എരുവ സ്വദേശിയുടെ രേഖകള്‍ പരിശോധിച്ച ദേവസ്വം അധികൃതര്‍, നിയമന ഉത്തരവ് വ്യാജമാണെന്നു മനസിലാക്കി ജില്ലാ പോലീസ് മേധാവിക്ക് വിവരം കൈമാറി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. വിനീഷിനെതിരേ ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്.

Back to top button
error: