കോട്ടയം: പത്തടിയോളം നീളമുള്ള രാജവെമ്പാല പിടിയില്‍. കോട്ടയം ആര്‍പ്പൂക്കരയിലാണ് അപ്രതീക്ഷിതമായി രാജവെമ്പാലയെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തത്. തൊണ്ണംകുഴി സ്വദേശി സുജിത്തിന്റെ കാറില്‍ ഒരു മാസം മുമ്പ് മലപ്പുറം വഴിക്കടവില്‍ വച്ച് കയറിക്കൂടിയ രാജവെമ്പാലയാണ് പിടിയിലായതെന്നാണ് നിഗമനം.
സാധാരണയായി രാജവെമ്പാലയെ കാണാന്‍ സാധ്യതയില്ലാത്ത പ്രദേശത്ത് കണ്ടെത്തിയതോടെയാണ് പിടിയിലായത് വഴിക്കടവില്‍നിന്ന് എത്തിയ പാമ്പാകാം എന്ന നിഗമനത്തിലേക്ക് നാട്ടുകാരയും വനം വകുപ്പിനെയും എത്തിക്കുന്നത്. വഴിക്കടവ് ചെക്പോസ്റ്റിന് സമീപത്തായിരുന്നു സുജിത്തിന് ജോലി. ഈ സമയത്ത് ഒരു പാമ്പ് സുജിത്തിന്റെ കാറില്‍ കയറിയതായി പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് വാഹനം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പിന്നീട് വനപാലകരെത്തി നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ബോണറ്റില്‍ പാമ്പിനെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് ചൂട് കൊണ്ട് പാമ്പ് ഇറങ്ങിപ്പോകുമെന്ന് കരുതി വാഹനം മണിക്കൂറുകളോളം ഓണ്‍ ആക്കി നിര്‍ത്തി. എന്നാല്‍ പാമ്പ് പോയതായി കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വാട്ടര്‍ സര്‍വീസും ഡീസല്‍ സര്‍വീസും നടത്തുകയും മൂന്നുദിവസത്തോളം വണ്ടി എടുക്കാതിരിക്കുകയും ചെയ്തു. പിന്നീട് പരിശോധിച്ചപ്പോള്‍ പാമ്പിനെ കണ്ടെത്താനായില്ല.
ഇതോടെ ഭയന്നുകൊണ്ടാണെങ്കിലും സുജിത്ത് വാഹനവുമായി തിരിച്ചെത്തി. തുടര്‍ന്ന് കുട്ടികള്‍ അടക്കമുള്ളവര്‍ കാറില്‍ യാത്രചെയ്യുകയും ചെയ്തു. കാറിന്റെ ഉള്ളില്‍ പാമ്പു കയറാന്‍ സാധ്യതയില്ല എന്നായിരുന്നു സര്‍വീസ് സെന്ററില്‍നിന്നുള്ള നിഗമനം. തുടര്‍ന്ന് വാഹനം ഉപയോഗിച്ച് വരുന്നതിനിടെ കഴിഞ്ഞ ആഴ്ച സുജിത്തിന്റെ വീടിന് സമീപത്തുനിന്ന് പാമ്പിന്റെ പടം പൊഴിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ വാവ സുരേഷിനെ കൊണ്ടുവന്ന് കാറിന്റെ ബമ്പര്‍ വരെ അഴിച്ചു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
അതിനിടെ ഇന്ന് രാവിലെ വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടുവെന്ന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പാറമ്പുഴയിലുള്ള വനം വകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചു. പാറമ്പുഴയില്‍ നിന്നുള്ള വനംവകുപ്പ് വിദഗ്ദ്ധ സംഘമെത്തി നടത്തിയ പരിശോധനയില്‍ സുജിത്തിന്റെ വീടിന്റെ 500 മീറ്റര്‍ അകലെ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. വഴിക്കടവില്‍നിന്ന് കാറില്‍ എത്തിയ പാമ്പാകാം ഇതെന്നാണ് വനം വകുപ്പിന്റെയും നിഗമനം.