കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസ തട്ടിപ്പുകള്‍ക്ക് ഇരയായ പ്രവാസികള്‍ക്ക് മറ്റ് കമ്പനികളിലേക്ക് വിസ മാറുന്നത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പല വിവരങ്ങളും വാസ്തവ വിരുദ്ധമാണെന്ന് പബ്ലിക് അതോറിറ്റ് ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ചില മാധ്യമങ്ങളും അടുത്തിടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. പേരിന് മാത്രം നിലനിന്നിരുന്ന കടലാസ് കമ്പനികളുടെയും ഫയലുകള്‍ ക്ലോസ് ചെയ്യപ്പെട്ട കമ്പനികളുടെയും പേരില്‍ എടുത്ത വിസകളിലൂടെ കുവൈത്തില്‍ എത്തിയ പ്രവാസികള്‍ക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് വിസ മാറുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍.
പ്രവാസികളുടെ പരാതികള്‍ പരിഗണിച്ച് വിസ മാറാനുള്ള അവസരം നല്‍കുന്നത് രാജ്യത്തെ തൊഴില്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ഇത് സംബന്ധിച്ച് അതോറിറ്റി പുറത്തിറക്കുന്ന നിബന്ധനകളും പ്രകാരം മാത്രമായിരിക്കുമെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിവരിക്കുന്നത്. വിശേഷിച്ചും 2015ലെ 842-ാം നമ്പര്‍ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവും ഇതിന്റെ ഭേദഗതികളും അനുസരിച്ചായിരിക്കും ഒരു പ്രവാസിയുടെ വിസ ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് മാറുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നിലവിലുള്ള ചട്ടങ്ങളില്‍ നിന്നും ഭേദഗതികളില്‍ നിന്നും വിരുദ്ധമായ കാര്യങ്ങളാണ് പ്രവാസികളുടെ വിസ മാറ്റം സംബന്ധിച്ച ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.