കണ്ണൂര്‍: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫര്സീന് മജീദിനെതിരെ വീണ്ടും നടപടിക്ക് ശുപാര്‍ശ. നല്ല നടപ്പിന് ശുപാര്‍ശ ചെയ്യുന്നതിനായി മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ കൂത്തുപറമ്പ് എസിപിക്ക് റിപ്പോര്‍ട്ട് നല്കി.
2 വര്‍ഷത്തേക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. ക്രിമിനല്‍ ചട്ടം 107 പ്രകാരമാണ് നടപടി. ഇതുസംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിയിലേക്ക് പൊലീസ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. മുന്‍പ് കാപ്പ ചുമത്തുന്നതിന് മുന്നോടിയായാണ് നല്ല നടപ്പിന് പൊലീസ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ നല്ല നടപ്പിന് ശിക്ഷിച്ചാലും കാപ്പ ചുമത്തണമെന്ന് നിര്‍ബന്ധമില്ല.
ഫര്സീന് മജീദിന് നേരെ കാപ്പ ചുമത്താനുള്ള പൊലീസ് നീക്കം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫര്സീന് മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഒരു എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നതിനിടെയായിരുന്നു കാപ്പ നീക്കം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സീനെതിരെ 13 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയില്‍ നിന്നും നാടുകടത്തണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം. കമ്മീഷണര്‍ ആര് ഇളങ്കോ സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് ഡിഐജി രാഹുല്‍ ആര് നായര്‍ ഫര്സീന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.