KeralaNEWS

ലിംഗസമത്വത്തില്‍ വെട്ടും തിരുത്തും; ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തില്ല; തീരുമാനം തിരുത്തിയും തലക്കെട്ടു വെട്ടിയും യു ടേണ്‍ അടിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ലിംഗസമത്വം ഉറപ്പാക്കാന്‍ മുന്നോട്ടുവച്ച നിര്‍ദേശത്തില്‍ നിന്ന് പിന്‍വലിഞ്ഞ് സര്‍ക്കാര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപനരേഖയുടെ കരടില്‍നിന്ന് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കി.

മുസ്ലിം സംഘടനകളും മറ്റും നിര്‍ദേശങ്ങള്‍ക്കെതിരേ പ്രതിഷേധം കടുപ്പിച്ചതിനു പിന്നാലെയാണ് ഏറെ പുരോഗമനപരമെന്ന് വിലയിരുത്തി നടപ്പാക്കാനൊരുങ്ങിയ തീരുമാനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍തിരിഞ്ഞത്. തീരുമാനം തിരുത്തിയതിനു പുറമെ നയരേഖയുടെ തലക്കെട്ടും വെട്ടിയിട്ടുണ്ട്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്ക് ആണ് മാറ്റിയിരിക്കുന്നത്.

Signature-ad

പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയത്. സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കരട് രേഖയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ നിലപാടുകളില്‍നിന്ന് പിന്‍വലിഞ്ഞത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത മിക്‌സ്ഡ് സ്‌കൂളുകള്‍, ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം… ഇതിനു പിന്നാലെയാണ് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഒരു ബെഞ്ചില്‍ ഇരുത്തണമെന്ന നിര്‍ദ്ദേശത്തില്‍ നിന്ന് കൂടി സര്‍ക്കാര്‍ പിന്നോട്ടു പോകുന്നത്.

എസ്‌സിഇആര്‍ടി (SCERT) തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിലെ നിര്‍ദേശത്തിനെതിരേ ആദ്യം മുതല്‍ മുസ്ലിം ലീഗ് പ്രതിഷേധമുയര്‍ത്തിയെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ മത സംഘടനകള്‍ ഉള്‍പ്പെടെ വിഷയത്തില്‍ സ്വരം കടുപ്പിച്ചതോടെ സര്‍ക്കാര്‍ മയപ്പെടുകയായിരുന്നു.

പാഠ്യ പദ്ധതി ചട്ടക്കൂട് പരിഷ്‌കരണത്തിനുള്ള വിദഗ്ധ സമിതിയുടെ ആദ്യ യോഗത്തില്‍ തന്നെ നിര്‍ദേശം വിവാദമാകാനുള്ള സാധ്യത ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ചര്‍ച്ചയാകാമെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇതിനു പിന്നാലെ നിര്‍ദേശത്തിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് നേതാക്കളായ എം.കെ.മുനീറും പി.എം.എ.സലാമും രംഗത്തെത്തിയിരുന്നു. എന്നാല്‍ ലിംഗസമത്വത്തെ എതിര്‍ത്ത് ഇരുവരും മുന്നോട്ടു വച്ച ചില വാദങ്ങള്‍ വിവാദമാകുകയും ഇരുവര്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനവും പരിഹാസവും ഉയരുകയും ചെയ്തിരുന്നു. ഇൗ ഘട്ടത്തിലെല്ലാം നിലപാടില്‍ ഉറച്ചുനിന്ന സര്‍ക്കാരാണ് ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് സ്‌കൂളുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്താമെന്ന നിര്‍ദേശം ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി സമസ്ത സ്വാഗതം ചെയ്തു. ചില ഭാഗങ്ങള്‍ പാഠ്യ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു.

 

Back to top button
error: