കൊച്ചി: ഓണത്തിന് ജീവനക്കാരെ പട്ടിണിക്കിടാനാകില്ലെന്നും ശമ്പളം നല്‍കാനായി കെ.എസ്.ആര്‍.ടി.സിക്ക് അടിയന്തരമായി 103 കോടി രൂപ നല്‍കാനും സര്‍ക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് നിര്‍ദേശം. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ഈ തുക നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസ് സെപ്റ്റംബര്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.
കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പളവും ഉത്സവബത്തയും നല്‍കുന്നതിന് ഏകദേശം 103 കോടിരൂപ ആവശ്യമാണെന്നും കോര്‍പറേഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഈ തുക നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് കോടതി നിര്‍ദേശം. മറ്റുള്ളവരെ പോലെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാനുള്ള അവസരമുണ്ടാക്കണം. ഓണക്കാലത്ത് അവര്‍ വിശന്നിരിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി. ശമ്പളവിതരണത്തിനുള്ള നടപടി തുടങ്ങിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് അടുത്തമാസം ഒന്നാം തീയതിയിലേക്ക് മാറ്റിയത്.
പ്രതിസന്ധി പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ആസ്തി ഉപയോഗിക്കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ആസ്തികളുടെ വിവരങ്ങള്‍ തേടി. ഇക്കാര്യം സംബന്ധിച്ച ഓഡിറ്റ് ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സഹായത്തിനായി സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തി. എന്നാല്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു. ശമ്പളം കൊടുക്കാനുള്ള നടപടികളിലേക്ക് കടക്കുന്നുണ്ടെന്നും പത്ത് ദിവസം കൂടി സമയം വേണമെന്നും മാനേജ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് തൊഴിലാളികളെ പട്ടിണിക്കിടരുതെന്ന കോടതിയുടെ പ്രതികരണം. ആദ്യം ശമ്പളം നല്‍കണം, അതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാമെന്നും കോടതി പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ ബി.ഒ.ടി. വ്യവസ്ഥയില്‍ മുന്നോട്ടുകൊണ്ടുപോയാലും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന നിര്‍ദേശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
അതേസമയം, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സിഐടിയു സ്വാഗതം ചെയ്തു.