ന്യൂഡല്‍ഹി: ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിനാമി ഇടപാടുകള്‍ക്ക് തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിലെ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. 1988 ലെ ബിനാമി ഇടപാടുകള്‍ തടയല്‍ നിയമത്തിലെ വകുപ്പാണ് സുപ്രീംകോടതി റദ്ദാക്കിയത്.
1988 ലെ നിയമത്തില്‍ 2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ ഭേദഗതിയോടെ ബിനാമി ഇടപാടുകള്‍ ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഈ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇതോടെ 2016 ഒക്ടോബര്‍ 25 ന് മുമ്പ് നടന്ന ബിനാമി ഇടപാടുകള്‍ക്ക് എതിരായ കേസുകളില്‍ ക്രിമിനല്‍ പ്രോസിക്യുഷന്‍ നടപടികള്‍ റദ്ദാകും.
നിയമത്തിലെ 3 (2) വകുപ്പ് പ്രകാരം ബിനാമി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
എന്നാല്‍ ഈ വകുപ്പ് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.